സിഖ് മതസ്ഥർക്ക് പ്രത്യേക രാജ്യം (ഖാലിസ്ഥാൻ) വേണമെന്ന ആവശ്യം ഉന്നയിച്ച് മെൽബണിൽ സിഖ് മതവിശ്വാസികൾക്കിടയിൽ റെഫറണ്ടം നടത്തി. ഇതോടനുബന്ധിച്ച് മെൽബണിലെ തെരുവുകളിൽ ഖാലിസ്ഥാനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് മെൽബണിൽ റെഫറണ്ടം സംഘടിപ്പിച്ചത്.
സിഖ് വിഭാഗത്തിലുള്ളവർ സ്വതന്ത്ര രാഷ്ട്രം (ഖാലിസ്ഥാൻ) എന്ന ആവശ്യത്തോട് അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യമാണ് റെഫറണ്ടത്തിൽ.
റെഫറണ്ടത്തിന് സർക്കാരുമായി ബന്ധമില്ല.
ഞായറാഴ്ച നടന്ന പരിപാടിക്കിടെ രണ്ട് തവണ ഖാലിസ്ഥാൻ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായി.
ഇന്ത്യൻ ദേശീയ പതാകയുമായി എത്തിയവരും, ഖാലിസ്ഥാൻ പതാകയേന്തിയവരും തമ്മിൽ മെൽബണിലെ തെരുവുകളിൽ ഏറ്റുമുട്ടി.
രണ്ട് പേരെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പോലീസ് വ്യക്തമാക്കി.
കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ നോടീസ് ഇവർക്ക് നൽകിയതായി വിക്ടോറിയ പോലീസ് എസ് ബി എസ് പഞ്ചാബിയോട് വ്യക്‌തമാക്കി.
34 വയസും 39 വയസുമുള്ള രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
പോലീസ് ഇടപെട്ടതിന് ശേഷമാണ് ജനം പിരിഞ്ഞുപോയതെന്നും വിക്ടോറിയ പോലീസ് പറഞ്ഞു.
ബ്രിട്ടനിലും, സ്വിറ്റസർലാന്റിലും, കാനഡയിലും, ഇറ്റലിയിലും സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന സമാനമായ റെഫറണ്ടം സംഘടിപ്പിച്ചിരുന്നു.
ഓസ്‌ട്രേലിയയിലെ മറ്റ് നഗരങ്ങളിലും ‘ഖാലിസ്ഥാൻ റെഫറണ്ടം’ നടത്താൻ ഉദ്ദേശിക്കുന്നതായി SFJ വ്യക്തമാക്കി.
റെഫറണ്ടത്തെ ഇന്ത്യൻ ഹൈ കമീഷൻ അപലപിച്ചു
ഓസ്‌ട്രേലിയയിലെ ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെ മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സുശീൽ കുമാർ അപലപിച്ചു.
ഇത് ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം SBSന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
കടപ്പാട്: SBS മലയാളം