ബൾക്ക് ബില്ലിംഗ് സൗകര്യമുള്ള ജിപി ക്ലിനിക്കുകളുടെ എണ്ണം കുറയുന്നു; പുതിയ രോഗികൾക്ക് ഡോക്ടറെ കാണാൻ ചെലവേറും
ഓസ്ട്രേലിയയിലെ 35% ജി പി ക്ലിനിക്കുകളിൽ മാത്രമാണ് പുതിയതായെത്തുന്ന രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സൗകര്യം ലഭ്യമാകുന്നതെന്നാണ് സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഓൺലൈൻ ഹെൽത്ത്കെയർ ഡറക്ടറിയായ ക്ലീൻബില്ലാണ് ഇത് സംബന്ധിച്ച സർവ്വേ റിപ്പോർട്ട് പുറത്തു വിട്ടത്.
ബൾക്ക് ബില്ലിംഗ് വാഗ്ദാനം ചെയ്യുന്ന ജിപി ക്ലിനിക്കുകൾ കണ്ടെത്താൻ പുതിയ രോഗികൾ വളരെയേറെ ബുദ്ധിമുട്ടുന്നു. പലർക്കും ഇതിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
6,363 ജിപി ക്ലിനിക്കുകളിൽ നിന്നുള്ള ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഹെൽത്ത് ഓഫ് ദി നേഷൻ എന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2023 ജനുവരി മുതൽ ഏപ്രിൽ വരെ സർവ്വേക്കായുള്ള വിവരങ്ങൾ ശേഖരിച്ചു.
ഫെഡറൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജനറൽ പ്രാക്ടീഷണർമാരുടെ ലഭ്യത സംബന്ധിച്ച് രാജ്യത്ത് നടത്തിയ ഏറ്റവും സമഗ്രമായ സർവേയാണിതെന്ന് ക്ലീൻബിൽ അവകാശപ്പെട്ടു.
ബൾക്ക് ബില്ലിംഗ് സേവനങ്ങൾ നൽകാത്ത നാല് നിയോജക മണ്ഡലങ്ങൾ രാജ്യത്തുണ്ടെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ന്യൂസൗത്ത് വെയിൽസിലെ ന്യൂകാസിൽ, സൗത്ത് ഓസ്ട്രേലിയയിലെ മയോ, ക്വീൻസ്ലാന്റിലെ ഫെയർഫാക്സ്, ടാസ്മാനിയയിലെ ഫ്രാങ്ക്ലിൻ എന്നീ മണ്ഡലങ്ങളുടെ പരിധിയിലുള്ള ഒരു ക്ലിനിക്കിൽ പോലും പുതിയതായെത്തുന്ന രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സേവനം ലഭ്യമല്ല.
പുതിയതായെത്തുന്ന രോഗികൾക്ക് ബൾക്ക് ബില്ലിംഗ് പ്രദാനം ചെയ്യുന്ന ക്ലിനിക്കുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് ന്യൂസൗത്ത് വെയിൽസാണ്.
NSWവിലെ പകുതിയോളം ക്ലിനിക്കുകളിലും ബൾക്ക് ബില്ലിംഗ് സേവനം ലഭ്യമാണ്.
വിക്ടോറിയയിലെ 34.6% ക്ലിനിക്കുകളിൽ ബൾക്ക് ബില്ലിംഗ് ലഭ്യമാണ്.
പുതിയ രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സൗകര്യം ലഭ്യമാക്കാത്ത ക്ലിനിക്കുകൾ ഏറ്റവും അധികമുള്ളത് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലാണ്, 5%. തൊട്ടു പിന്നിലുള്ള ടാസ്മാനിയയിൽ 6.9% ക്ലിനിക്കുകളിൽ മാത്രമാണ് പുതിയ രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സേവനമുള്ളത് .
ജിപി സേവനത്തിന് ഏറ്റവും അധികം ഫീസ് ഈടാക്കുന്ന ക്ലിനിക്കുകൾ സിഡ്നിയിലെ പാരമറ്റ, വെന്റ്വർത്ത് എന്നി നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണുള്ളതെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു സ്റ്റാൻഡേർഡ് കൺസൾട്ടേഷന് ശരാശരി 56 ഡോളറിലധികം രോഗികളിൽ നിന്ന് ഈടാക്കുന്നതായി സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
കടപ്പാട്: SBS മലയാളം