ജംപിംഗ് കാസിൽ ദുരന്തത്തിൽ വിതുമ്പി രാജ്യം; മൂന്നു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു
ടാസ്മേനിയയിൽ അഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ജംപിംഗ് കാസിൽ അപകടത്തെ പറ്റി പോലീസും വർക്ക് സേഫും അന്വേഷണം ആരംഭിച്ചു.
അപകടത്തെ പറ്റിയുള്ള കൊറോണറുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ടാസ്മേനിയ പ്രീമിയർ പീറ്റർ ഗട്ട്വിൻ പറഞ്ഞു.
ജംപിംഗ് കാസിൽ കാറ്റിൽപ്പെട്ട് അഞ്ചു കുട്ടികൾ മരിച്ച അപകടത്തിൽ ആശുപത്രിയിലുള്ള മൂന്നു കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടി ഇന്ന് ആശുപത്രി വിട്ടു.
വ്യാഴാഴ്‌ച രാവിലെയാണ് ടാസ്മേനിയയിലെ ഡെവോൺപോർട്ട് ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിൽ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസിൽ കാറ്റിൽപ്പെട്ട് ദുരന്തമുണ്ടായത്.
അപകടത്തിൽ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികൾക്കും, മൂന്നു ആൺകുട്ടികൾക്കും ജീവൻ നഷ്ടമായിരുന്നു.
ശക്തമായ കാറ്റിൽ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസിൽ (വായുനിറച്ച് ഉപയോഗിക്കാവുന്ന കുട്ടികളുടെ താല്ക്കാലിക കളിസ്ഥലം) അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.
പത്തു മീറ്ററോളം വായുവിലേക്ക് ഉയർന്ന ജംപിംഗ് കാസിലിൽ നിന്ന് കുട്ടികൾ താഴേക്ക് പതിച്ചുവെന്നാണ് കരുതപ്പെടുന്നത്.
‘കാറ്റ് മൂലമുണ്ടായ ദുരന്ത’ത്തെ പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് ടാസ്മേനിയൻ പോലീസ് അറിയിച്ചു.
അപകടത്തെ പറ്റി ആളുകൾക്ക് ധാരാളം സംശയങ്ങളുണ്ടെന്ന് പറഞ്ഞ ടാസ്മേനിയ പോലീസ് കമ്മീഷണർ ഡാരൻ ഹൈൻ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു.
‘അപകട സമയത്ത് അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന നാൽപ്പതോളം കുട്ടികൾ കളിസ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും ജംപിംഗ് കാസിലിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളായിരുന്നു’.
കുട്ടികൾ 10 മീറ്റർ ഉയരത്തിൽ നിന്നു വീണുവെന്ന റിപ്പോർട്ടുകൾ ദൃക്‌സാക്ഷികളിൽ നിന്നാണ് ലഭിച്ചതെന്നും കമ്മീഷണർ പറഞ്ഞു.
അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ്, അടിയന്തര സേവനങ്ങൾ എത്തുന്നതുവരെ പ്രാഥമികശുശ്രൂഷ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തെ പറ്റിയുള്ള കൊറോണറുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ടാസ്മേനിയ പ്രീമിയർ പീറ്റർ ഗട്ട്വിൻ പറഞ്ഞു
അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് എവിടെയെങ്കിലും സമാന രീതിയിൽ ജംപിംഗ് കാസിലുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചുവെന്നും, അപകടത്തെ പറ്റി വിദ്യാഭ്യാസ വകുപ്പ് സ്വന്തം നിലയിൽ അന്വേഷിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
അഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ പറ്റി വർക്ക് സേഫ് ടാസ്മേനിയയും അന്വേഷണം നടത്തുന്നുണ്ട്.
അപ്രതീക്ഷിത ദുരന്തത്തിൽ വിതുമ്പി രാജ്യം
സ്കൂൾ വർഷാവസാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ബിഗ് ഡേ’ എന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ അപകടം ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
ദുരന്തത്തിൽ ദു:ഖവും വേദനയും രേഖപ്പെടുത്തിയ പ്രധാനമന്ത്രി സ്കോട്ട്മോറിസൺ, എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
വെള്ളിയാഴ്‌ച രാവിലെ ഡെവോൺപോർട്ടിലെത്തി പ്രീമിയർ പീറ്റർ ഗട്ട്വിനും കുട്ടികൾക്ക് ആദരാഞ്ജലിയർപ്പിച്ചു.
നൂറുകണക്കിന് പ്രദേശവാസികളാണ് വെള്ളയാഴ്ച രാവിലെ സ്കൂളിനു മുന്നിൽ പൂക്കൾ സമർപ്പിക്കാനെത്തിയത്.
കടപ്പാട്: SBS മലയാളം