ഓസ്ട്രേലിയയ്ക്ക് ആദ്യമായി മലയാളി മന്ത്രി; കായികമന്ത്രിയായി ആന്‍റോ ആന്‍റണിയുടെ സഹോദര പുത്രൻ
മെൽബൺ: ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്.
നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിൻസണും ഇടം നേടിയത്.
ആന്‍റോ ആന്‍റണി എം.പിയുടെ സഹോദരപുത്രനായ ജിൻസൺ, ലേബർ പാർട്ടി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്.
2011-ൽ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോർത്ത് ടെറിറ്ററി സർക്കാരിന്‍റെ ടോപ്പ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും നോർത്തേൺ ടെറിറ്ററിയിൽ നിന്ന് ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്.
പാലാ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും ഡെയ്സി ചാൾസിന്റെയും മകനാണ്. ആന്റോ ആന്റണി എംപിയുടെ സഹോദരനാണ് ജിൻസന്റെ പിതാവ് ചാൾസ്. നോർത്തേൺ ടെറിട്ടറി മെന്റൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ കൺസൽറ്റന്റായ അനുപ്രിയ ജിൻസനാണു ഭാര്യ. മക്കൾ: എയ്മി, അന.
നഴ്സായി 2011 ൽ ഓസ്ട്രേലിയയിൽ എത്തിയ ജിൻസൺ ഇപ്പോൾ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും ജോലി ചെയ്യുന്നു. ഓസ്ട്രേലിയയിൽ ആദ്യമായാണ് മലയാളി മന്ത്രി സ്ഥാനത്ത് എത്തുന്നത്.
നഴ്സായി ഓസ്ട്രേലിയയില് ജോലിക്കെത്തി; കഠിന പരിശ്രമത്തിലൂടെ മന്ത്രി പദവി
ഓസ്ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി. നഴ്സായി ജോലിക്ക് എത്തിയ ജിൻസൺ കഠിന പരിശ്രമത്തിലൂടെയാണ് ഉയർന്ന പദവികളിലേക്കെത്തിയത്.
ന്യൂ സൗത്ത് വെയിൽസ് വാഗവാഗ ബെയ്‌സ് ഹോസ്പിറ്റലിൽ നഴ്സായാണ് ജിൻസണിന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം. പിന്നീട് നോർത്തേൺ ടെറിട്ടറി ഡാർവിനിലെ ആശുപത്രിയിൽ ഉയർന്ന പദവിയിൽ ജോലി ലഭിച്ചു. മാനസികാരോഗ്യത്തിൽ ഉന്നത ബിരുദം നേടിയ ശേഷം അതേ വിഭാഗത്തിന്റെ ഡയറക്ടർ പദവിയിൽ എത്തി. ഇതിനിടെ എംബിഎ ബിരുദവും നേടി.
നോർത്തേൺ ടെറിട്ടറിയിലെ 25 അംഗ പാർലമെന്റിൽ 17 സീറ്റ് നേടി ലേബർ പാർട്ടിയെ പരാജയപ്പെടുത്തിയാണ് ജിൻസൺ ഉൾപ്പെടുന്ന കൺട്രി ലിബറൽ പാർട്ടി അധികാരത്തിലെത്തിയത്.
തുടർച്ചയായി രണ്ടുവട്ടം മന്ത്രിയായിരുന്ന കെയ്റ്റ് വോർഡനെയാണ് പുതുമുഖമായ ജിൻസൺ തോൽപിച്ചത്. ഒൻപതംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജനുമാണ് ജിൻസൺ.
അങ്കമാലി ലിറ്റിൽ ഫ്ലവർ നഴ്സിങ് കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന ജിൻസൺ നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനൽ കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നുണ്ട്.
അഭിമാന നിമിഷമെന്ന് ആന്റോ ആന്റണി എംപി
ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി അംഗമാകുന്ന മലയാളിയായ ജിൻസൺ ആന്റോ ചാൾസിന്റെ നേട്ടം അഭിമാനകരമാണെന്ന് പിതൃസഹോദരനും എംപിയുമായ ആന്റോ ആന്റണി പറഞ്ഞു.
കഠിനാധ്വാനിയായ ജിൻസൻ മന്ത്രിയെന്ന നിലയിലും ഏറെ ശോഭിക്കും. വിദ്യാർഥിയായിരിക്കെ 2009 ൽ തനിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഏറെ സജീവമായിരുന്ന ജിൻസന് അന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും തിരഞ്ഞെടുപ്പു പ്രവർത്തനത്തെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നും ആന്റോ ആന്റണി വ്യക്തമാക്കി.