ഓസ്ട്രേലിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ജിബി ജോയിക്കും പീറ്റർ ഷാനവാസിനും ജയം

പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം.

അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറായ പീറ്റർ ഷാനവസ്, ജിബി ജോയി എന്നിവരാണ് തിളക്കമാർന്ന വിജയം നേടിയത്.

അർമഡെയിൽ സിറ്റി കൗൺസിലിലെ റാൻഫോർഡ് വാർഡിലെ നിലവിലെ കൗൺസിലറായിരുന്ന ഷാനവാസ് പീറ്റർ ഇത്തവണയും വിജയം നേടി.

52.52 ശതമാനം വോട്ടാണ് ഷാനവാസ് നേടിയത്. 47.48 ശതമാനം വോട്ട് നേടിയ മലയാളി ടോണി തോമസാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഷാനവാസ് പീറ്റർ കണ്ണൂർ കൊട്ടിയൂർ തളകലുങ്കൽ കുടുംബാം​ഗമാണ്.

അർമഡെയിൽ സിറ്റി കൗൺസിലിലെ റിവർ വാർഡിൽ നിന്നും മത്സരിച്ച ജിബി ജോയിയും സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വാർഡിലേക്ക് രണ്ട് പേർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് രണ്ടാം സ്ഥാനം നേടിയ ജിബി ജോയിയും കൗൺസിലറായി.

26.62 ശതമാനം വോട്ടാണ് ജിബി സ്വന്തമാക്കിയത്. 51.29 ശതമാനം വോട്ടു നേടിയ ജോൺ കിയോ​ഗിക്കാണ് ഒന്നാം സ്ഥാനം.

അർമഡെയിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ജിബി ഓസ്ട്രേലിയയിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയും വഹിക്കുന്നുണ്ട്. പെർത്ത് അർമെഡെയിൽ താമസിക്കുന്ന ജിബി ജോയി എറണാകുളം ജില്ലയിലെ കോതമം​ഗലം പുളിക്കൽ കുടുംബാം​ഗമാണ്.

ഓസ്ട്രേലിയയിൽ നാലു വർഷകാലയളവിലേക്കാണ് സിറ്റി കൗൺസിൽ അം​ഗങ്ങളെ തിര‍‍ഞ്ഞെടുക്കുന്നത്. ഗോസ്നൽസ് സിറ്റി കൗൺസിലിൽ 12 കൗൺസിർമാരാണുള്ളത്.

ഇതിൽ ആറു പേരുടെ കാലാവധി പൂർത്തിയായ സമയത്താണ് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത്. 14 കൗൺസിലർമാരുള്ള അർമഡെയിലെ ഏഴ് കൗൺസിലർമാരുടെ കാലാവധി പൂർത്തിയായ വേളയിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

ഓസ്ട്രേലിയയിൽ പൗരത്വമുള്ളവർക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അവകാശമുള്ളത്. ഓസ്ട്രേലിയയിലെ സംസ്ഥാന നിയമസഭകളിലേക്കും പാർലമെന്റിലേക്കും രാഷ്ട്രിയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ്.

Related Articles

Back to top button