ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജപ്പാന്റേത്; ഓസ്‌ട്രേലിയക്ക് എട്ടാം സ്ഥാനം

ലോകത്ത് ഏറ്റവും കരുത്തുള്ള പാസ്പോർട്ടായി ജാപ്പനീസ് പാസ്പോർട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തും ഇന്ത്യ 85ആം സ്ഥാനത്തുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി യാത്രയെ സാരമായി ബാധിച്ചിരുന്നു. ഈ വര്ഷം കൊവിഡ് വാക്‌സിൻ നൽകിത്തുടങ്ങിയാൽ യാത്രകൾ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകം. ഇതിനിടെയാണ് ഏറ്റവും കരുത്തുറ്റ പാസ്സ്പോർട്ടുകളുടെ പട്ടിക ഹെൻലി ആൻഡ് പാർട്നേഴ്സ് പുറത്തുവിട്ടത്.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (IATA) വിവരങ്ങൾ അടിസ്ഥാനമാക്കി ഹെൻലി ആൻഡ് പാർട്നേഴ്സ് എന്ന സ്ഥാപനമാണ് ഏറ്റവും കരുത്തുള്ള പാസ്പോർട്ടുകൾ ഏതെന്ന് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇത് പ്രകാരമാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്സ്പോർട്ട് ആയി ജാപ്പനീസ് പാസ്പോർട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇത് തുടർച്ചയായ നാലാം തവണയാണ് ജാപ്പനീസ് പാസ്പോർട്ട് ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

ഹെൻലി ആൻഡ് പാർട്നേർഴ്സ് പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ 110 രാജ്യങ്ങളും ടെറിറ്ററികളും ഉൾപ്പെടുന്നുണ്ട്.

191 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദർശനം അനുവദിക്കുന്നതാണ് ജപ്പാൻ പാസ്പോർട്ട്.

കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയൻ പാസ്പോർട്ട് ഈ വർഷം എട്ടാം ത്തേക്കെത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്ക്, ഗ്രീസ്, മാൾട്ട എന്നീ രാജ്യങ്ങൾ ഓസ്‌ട്രേലിയക്കൊപ്പം എട്ടാം സ്ഥാനത്തുണ്ട്.

അതേസമയം ഇന്ത്യ 85 ആം സ്ഥാനത്ത് മാത്രമാണുള്ളത്. കഴിഞ്ഞ വർഷം 84ആം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യൻ പൗരന്മാർക്ക് 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സന്ദർശിക്കാക്കാവുന്നത്.

190 രാജ്യങ്ങൾ സന്ദർശിക്കാവുന്ന സിംഗപ്പൂർ തന്നെയാണ് ഈ വർഷവും രണ്ടാം സ്ഥാനത്ത്. ദക്ഷിണ കൊറിയയും ജർമനിയുമാണ് മൂന്നാം സ്ഥാനത്തെങ്കിൽ ഇറ്റലി, ഫിൻലാൻഡ്, ലക്സംബർഗ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനം പങ്കിടുന്നത്.

ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ പാസ്പോർട്ട് അഫ്ഗാനിസ്ഥാൻറേതാണ്. വെറും 26 രാജ്യങ്ങളാണ് അഫ്ഗാൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്നത്. ഇറാഖ് ആണ് പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്ത്.

കടപ്പാട്: SBS മലയാളം

Exit mobile version