ബ്രിസ്ബേനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തു

ബ്രിസ്ബേന്‍: ബ്രിസ്ബേനിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

ക്വീന്‍സ്ലാന്‍ഡുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും പ്രവാസികളെ സേവിക്കുന്നതിനും ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭാവന ചെയ്യുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഓസ്ട്രേലിയയിലെ ഇന്ത്യയുടെ നാലാമത്തെ കോണ്‍സുലേറ്റാണിത്. നിലവിൽ സിഡ്നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളിലാണ് കോണ്‍സുലേറ്റുകൾ ഉള്ളത്.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സന്ദര്‍ശിച്ചു. ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ചര്‍ച്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ ആല്‍ബനീസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസയും ജയശങ്കര്‍ അറിയിച്ചു.

ബ്രിസ്‌ബേനിലെ റോമാ സ്ട്രീറ്റ് പാര്‍ക്ക്ലാന്‍ഡില്‍ വിദേശകാര്യ മന്ത്രി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിസ്‌ബേനില്‍ ക്വീന്‍സ്ലാന്‍ഡ് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തി.

ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റുമായി സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും വഴികളും ചര്‍ച്ച ചെയ്തു എന്നും അദേഹം എക്സില്‍ പോസ്റ്റ് ചെയ്തു. ആറ് ദിവസത്തെ ഓസ്‌ട്രേലിയ സിംഗപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിൽ എത്തിയതായിരുന്നു മന്ത്രി.

ഇന്ത്യയുടെ നയങ്ങൾക്ക് ആഗോള തലത്തിൽ ലഭിക്കുന്നത് മികച്ച പിന്തുണയാണെന്നു പറഞ്ഞ അദേഹം പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്നും അഭിപ്രായപ്പെട്ടു.

റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ ഫലമായി ആഗോളതലത്തിൽ 125 രാജ്യങ്ങൾ യുദ്ധത്തിന്റെ ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്നു. സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.

Related Articles

Back to top button