രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്ക് NSWൽ ക്വാറന്റൈൻ വേണ്ട

നവംബർ ഒന്ന് മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്ക് NSWൽ എത്തുമ്പോൾ ഹോട്ടൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടെ ഓസ്‌ട്രേലിയയിൽ ക്വാറന്റൈൻ രഹിത യാത്ര അനുവദിക്കുന്ന ആദ്യ പ്രദേശമാവുകയാണ് ന്യൂ സൗത്ത് വെയിൽസ്.

നവംബർ ഒന്ന് മുതൽ ന്യൂ സൗത്ത് വെയിൽസിലെത്തുന്ന പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുള്ള രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റൈൻ ബാധകമായിരിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്ത് ഉയർന്ന വാക്‌സിനേഷൻ നിരക്ക് സാധ്യമായതിന് പിന്നാലെയാണ് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ന്യൂ സൗത്ത് വെയിൽസിലേക്ക് ക്വാറന്റൈൻ രഹിത യാത്ര അനുവദിക്കുന്നതെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ ചൂണ്ടിക്കാട്ടി.

ഇവർക്ക് ഹോട്ടൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും ആവശ്യമായി വരില്ല.

TGA അംഗീകൃത വാക്‌സിൻ സ്വീകരിച്ചിട്ടുവള്ളവർക്കാണ് ഇത് ബാധകം.

എന്നാൽ ന്യൂ സൗത്ത് വെയിൽസിലേക്കുള്ള യാത്രക്ക് മുൻപായി നെഗറ്റീവ് PCR പരിശോധനാ ഫലവും, എത്തിയ ശേഷം വൈറസ് പരിശോധനകളും വേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദ യാത്രക്കാരെയും വിദേശ പൗരന്മാരെയും അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

അതെ സമയം വിദേശത്ത് നിന്ന് തിരിച്ചെത്താൻ ശ്രമിക്കുന്ന രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഓസ്‌ട്രേലിയൻ പൗരന്മാർക്ക് മുൻഗണന നൽകുമെന്ന് ടൂറിസം മന്ത്രി സ്റ്റുവർട്ട് അയർസ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ന്യൂ സൗത്ത് വെയില്സിലേക്ക് യാത്ര ചെയ്യാമെന്ന് പെറോട്ടെ പറഞ്ഞു.

അതേസമയം വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ ബാധകമായിരിക്കും. എന്നാൽ ഈ വിഭാഗത്തിൽ ആഴ്ചയിൽ 210 പേരെയാണ് സംസ്ഥാനത്തേക്ക് അനുവദിക്കുക.

സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങൾ വിസ പരിശോധനകളുടെ ഭാഗമായി ഫെഡറൽ സർക്കാർ നിർവഹിക്കുമെന്നും പുതിയ നടപടി പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായും  പ്രീമിയർ പെറോട്ടെ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 80 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയാക്കിയതായും കൂടുതൽ ഇളവുകൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കുമെന്നും പ്രീമിയർ ഡൊമിനിക് പെറോട്ടെ പറഞ്ഞു.

ന്യൂ സൗത്ത് വെയിൽസിൽ പുതിയ 399 പ്രദേശിക രോഗബാധയും മൂന്ന് കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഹോട്ടൽ ക്വാറന്റൈനിൽ ഒരു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധിച്ച കുറഞ്ഞത് 677 പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. 145 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അതെ സമയം സിഡ്‌നിയിൽ നിന്ന്  ഉൾനാടൻ മേഖലയിലേക്ക് നവംബർ ഒന്ന് വരെ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Exit mobile version