രാജ്യാന്തര അതിർത്തി ക്രിസ്ത്മസിനെങ്കിലും തുറക്കുമെന്ന് സർക്കാർ

ഓസ്‌ട്രേലിയയുടെ രാജ്യാന്തര അതിർത്തി കുറഞ്ഞത് ക്രിസ്ത്മസിനെങ്കിലും തുറക്കാൻ കഴിയുമെന്ന് കരുതുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു.

ഈ വർഷം അവസാനത്തോടെയെങ്കിലും രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് കരുതുന്നതായി ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി.

വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് അതിർത്തികൾ തുറക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ ചൂണ്ടിക്കാട്ടി.

വാക്‌സിൻ പാസ്പോർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ഹോട്ടൽ ക്വാറന്റൈൻ രഹിത യാത്രകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് 16 വയസിന് മേൽ പ്രായമുള്ള 80 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതോടെ വിദേശ യാത്രകൾ അനുവദിക്കുമെന്നാണ് അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള ദേശീയ പ്ലാൻ പറയുന്നത്.

ഇതിന് പുറമെ TGA അംഗീകരിച്ചിട്ടുള്ള വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ കഴിയും.

ഓസ്‌ട്രേലിയക്കാർക്ക് വിദേശ യാത്ര പുനരാരംഭിക്കുന്നതിനായി കൂടുതൽ പേർ വാക്‌സിനേഷനായി മുന്നോട്ട് വരണമെന്നും ഡാൻ ടെഹാൻ പറഞ്ഞു.

അതിർത്തി തുറക്കാനുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ക്രിസ്ത്മസിനെങ്കിലും വിദേശ യാത്ര ആരംഭിക്കുകയാണ് ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഏതെല്ലാം രാജ്യങ്ങളിലേക്ക് യാത്ര ഉടൻ സാധ്യമാകുമെന്നത് ഇപ്പോൾ വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞത് 45,000 ഓസ്ട്രലിയക്കാർ ഇപ്പോഴും വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോർട്ട്.

അതേസമയം സാധ്യമാകുന്ന ഉടൻ അതിർത്തി തുറക്കുകയാണ് ലക്ഷ്യമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസണും പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളെയും സ്‌കിൽഡ് മൈഗ്രന്റ്‌സ് വിഭാഗത്തിലുള്ളവരെയും ഓസ്‌ട്രേലിയയിയിലേക്ക് വീണ്ടും സ്വാഗതം ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് കൂടുന്നത് യാത്രകൾ പുനരാരംഭിക്കാനുള്ള പ്രതീക്ഷയാണ് നൽകുന്നത് എന്നദ്ദേഹംകൂട്ടിച്ചേർത്തു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button