ഓസ്‌ട്രേലിയയിൽ നിന്ന് വിവാഹാഘോഷത്തിന് അവധിക്ക് പോയ രാജ്യാന്തര വിദ്യാർത്ഥിയാണ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്റ്റർ റാലിക്കിടെ മരണമടഞ്ഞത്. ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥിയായ യു പി സ്വദേശി നവരീത് സിംഗാണ് മരിച്ചത്.
ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്റ്റർ റാലി അക്രമാസക്തമായതിനിടെയാണ് ഒരാൾ മരണമടഞ്ഞത്.
ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥിയായ യു പി സ്വദേശി നവരീത് സിംഗാണ് മരിച്ചത്.
ഉപരിപഠനത്തിനെത്തിയ 27കാരനായ നവരീതിന്റെ വിവാഹം ഓസ്‌ട്രേലിയയിൽ വച്ച് അടുത്തിടെ നടന്നിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കൾക്ക് വിവാഹ പാർട്ടി നൽകാനായി ഇന്ത്യയിലേക്ക് മടങ്ങിയതായിരുന്നു നവരീതെന്നാണ് റിപ്പോർട്ടുകൾ.
നവരീതിന്റെ ഭാര്യ മൻസ്വീത് പഠനം പൂർത്തിയാക്കാനായി മെൽബണിൽ തന്നെ തങ്ങിയിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മൻസ്വീതെന്ന് ബന്ധുക്കൾ പറഞ്ഞു.
ബന്ധുക്കളുടെ നിർദ്ദേശപ്രകാരം റാലിയിൽ പങ്കെടുക്കാനായി ഒരാഴ്ച മുൻപ് ഗാസിപുർ അതിർത്തിയിൽ എത്തിയ നവനീത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റാലിക്കിടെ ട്രാക്ടർ കീഴ്മേൽ മറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റാണ് മരണമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് വെടിവയ്പ്പിലാണ് നവരീത് കൊല്ലപ്പെട്ടതെന്നാണ് കർഷകരുടെ ആരോപണം.
കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരായി മാസങ്ങളായി കർഷകർ സമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിനത്തിൽ ട്രാക്റ്റർ റാലി നടത്തിയത്.
റാലി സംഘര്ഷത്തിലെത്തിയതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 300 ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേട്ടതായാണ് റിപ്പോർട്ടുകൾ.
കടപ്പാട്: SBS മലയാളം