വിക്ടോറിയയിൽ കൊറോണ വ്യാപനം ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്തേക്കുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. തുടക്കത്തിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 800 പേരെയാണ് ആഴ്ചയിൽ സംസ്ഥാനത്തേക്ക് അനുവദിക്കുന്നത്.
വിക്ടോറിയയിൽ കൊവിഡ് വ്യാപനം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് വിദേശത്തു നിന്ന് സംസ്ഥാനത്തേക്കെത്തുന്ന വിമാനങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
മെൽബണിലെ ക്വാറന്റൈൻ ഹോട്ടൽ ജീവനക്കാർക്ക് കൊവിഡ് യു കെ സ്‌ട്രെയിൻ വൈറസ് ബാധിച്ചതിനെത്തുടർന്ന് ഫെബ്രുവരി 13നാണ് വിദേശത്ത് കുടുങ്ങികിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവച്ചത്.
എന്നാൽ തുടർച്ചയായ 27 ദിവസങ്ങളായി സംസ്ഥാനത്ത് സജ്ജീവമായ കൊവിഡ് കേസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഏപ്രിൽ എട്ടാം തീയതി മുതൽ രാജ്യാന്തര വിമാനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
അതേസമയം തുടക്കത്തിൽ ആഴ്ചയിൽ 800 പേരെയാണ് വിദേശത്തു നിന്ന് സംസ്ഥാനത്തേക്ക് അനുവദിക്കുന്നത്. പിന്നീട് ക്വാറന്റൈൻ ഹോട്ടലിന്റെ വെന്റിലേഷൻ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷം ആഴ്ചയിൽ 1,120 പേരെ അനുവദിക്കുമെന്നും ജെയിംസ് മെർലിനോ പറഞ്ഞു.
വിമാനങ്ങൾ അനുവദിക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഹോട്ടൽ ക്വാറന്റൈൻ പദ്ധതിയും പുനരാരംഭിക്കും. ഹോട്ടലിൽ നിന്ന് സമൂഹത്തിനിടയിൽ വൈറസ് ബാധിക്കുന്നത് തടയാനുള്ള കർശന നടപടികൾ നടപ്പാക്കികൊണ്ടാണ് പദ്ധതി പുനരാരംഭിക്കുന്നത്. അടുത്ത രണ്ടാഴ്ചയിലാണ് ഹോട്ടൽ ക്വാറന്റൈൻ പദ്ധതി പുനരാരംഭിക്കുന്നത്.
മെൽബൺ വിമാനത്താവളത്തിന് സമീപത്തുള്ള ഹോളിഡേ ഇൻ ഹോട്ടലിലെ ജീവനക്കാർക്കാണ് ഫെബ്രുവരിയിൽ കൊവിഡ് ബാധിച്ചത്. ഇത് സംസ്ഥാനത്തെ അഞ്ച് ദിവസത്തെ ലോക്ക്ഡൗണിലേക്ക് നയിച്ചിരുന്നു. ഇതേത്തുടർന്ന് ഹോട്ടൽ ക്വാറന്റൈൻ പദ്ധതിയും നിർത്തിവച്ചിരുന്നു.
പിന്നീട് ഹോട്ടൽ ക്വാറന്റൈൻ പദ്ധതി പുനഃപരിശോധിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
ക്വാറന്റൈൻ സമയത്ത് യാത്രക്കാരുടെ പരിശോധന നാല് തവണയാക്കിയുയർത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ ഹോട്ടലിൽ N95 മാസ്കുകളുടെ ഉപയോഗവും വർധിപ്പിച്ചു.
സംസ്ഥാനത്തെ 4150ലേറെ മുൻനിര ക്വാറന്റൈൻ ജീവനക്കാർ ആദ്യ ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതായും ജെയിംസ് മെർലിനോ പറഞ്ഞു.
കടപ്പാട്: SBS മലയാളം