ഓസ്ട്രേലിയയിലെത്താൻ ഇന്നുമുതൽ PCR പരിശോധന വേണ്ട

വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്താനുള്ള കൊവിഡ് പരിശോധനാ നിബന്ധനകളിൽ മാറ്റം വന്നു. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കാണിച്ചാൽ ഇനി മുതൽ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയും.

വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്തുന്നവർ PCR പരിശോധനാ ഫലം ഹാജരാക്കണം എന്ന നിബന്ധനയാണ് സർക്കാർ ഇളവു ചെയ്തത്.

പകരം, ഇനി മുതൽ റാപ്പിഡ് ആൻറിജൻ പരിശോധനാ ഫലം കാണിച്ചാൽ മതിയാകും.

യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ RAT നെഗറ്റീവ് ഫലം ലഭിച്ചിട്ടുണ്ടെങ്കിൽ, യാത്ര ചെയ്യാൻ അനുവദിക്കും.

ദേശീയ ക്യാബിനറ്റ് യോഗത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ജനുവരി 23 ഞായറാഴ്ച പുലർച്ചെ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നു.

വിവിധ സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തര യായ്ര നടത്താൻ RAT ഫലം മതി എന്ന് സമീപകാലത്ത് വ്യവസ്ഥകൾ മാറ്റിയിരുന്നു. അതിന് അനുസൃതമായാണ് രാജ്യാന്തര അതിർത്തിയിലും മാറ്റം വരുത്തിയത്.

യാത്ര ചെയ്യുന്നതിന് മുമ്പുള്ള 72 മണിക്കൂറിലെ PCR ഫലം വേണം എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന.

PCR പരിശോധനാ ഫലം തന്നെയാണ് ഇപ്പോഴും ഏറ്റവും ആധികാരികമായി കണക്കിലെടുക്കുന്നതെങ്കിലും, 24 മണിക്കൂറിനുള്ളിലെ RAT ഫലം ഒരാൾക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കാൻ പര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടും, ആഭ്യന്തര മന്ത്രി കേരൻ ആൻഡ്ര്യൂസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇതോടൊപ്പം കൊവിഡ് ബാധിച്ചവർക്ക് ഓസ്ട്രേലിയയിലേക്ക് യാത്ര അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഇളവു ചെയ്തിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ 14 ദിവസം കഴിഞ്ഞു മാത്രമേ യാത്ര അനുവദിക്കൂ എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.

ഇത് ഏഴു ദിവസമായി കുറച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിലെ ഐസൊലേഷൻ നിബന്ധനകളിൽ വന്ന മാറ്റത്തിന് അനുസൃതമായാണ് ഇതും മാറ്റിയതെന്ന് സർക്കാർ അറിയിച്ചു.

ആരോഗ്യ നിർദ്ദേശങ്ങൾക്കനുസരിച്ച് ഇതിൽ ഇനിയും മാറ്റം വരാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയയിൽ കൊവിഡ് വ്യാപനം ഉയർന്നു നിൽക്കുന്നതിനിടെയാണ് സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button