സിഡ്നിയിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിലും ക്ഷേത്രത്തിലും കൊവിഡ് മുന്നറിയിപ്പ്

സിഡ്നിയിൽ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള പാരമറ്റ, പെൻഡ്ൽ ഹിൽ മേഖലകളിൽ സംസ്ഥാന സർക്കാർ കൊവിഡ് മുന്നറിയിപ്പ് നൽകി.

സിഡ്നിയിലെ പുതിയ കൊറോണവൈറസ്ബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാമെന്ന ആശങ്കകൾക്കിടെ, പശ്ചിമ സിഡ്നിയിലെ വിവിധ മേഖലകളിൽ സർക്കാർ പുതിയ മുന്നറിയിപ്പ് നൽകി

പശ്ചിമ സിഡ്നിയിലെ പാരമറ്റ, പെൻഡ്ൽ ഹിൽ മേഖലകളിലാണ് പുതിയ മുന്നറിയിപ്പ്.

ഈ പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ എത്തുന്ന നിരവധി സ്ഥാപനങ്ങളിൽ മുന്നറിയിപ്പുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുകൾ ഈ സ്ഥാപനങ്ങൾ സന്ദർശിച്ചു എന്നാണ് മുന്നറിയിപ്പ്.

പാരമറ്റയിലെ ശരവണ ഭവൻ റെസ്റ്റോറന്റും, സിഡ്നി മുരുകൻ ക്ഷേത്രവും, പെൻഡ്ൽ ഹില്ലിലെ സിഡ്നി മരീന ഡൈൻ ഇൻ ആന്റ് ടേക്ക് എവേ ഭക്ഷണ ശാലയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ്.

പാരമറ്റയിൽ ഇന്ത്യൻ വംശജർ പങ്കെടുത്ത ഒരു ക്രിക്കറ്റ് മത്സരത്തിന് എത്തിയവർക്കും മുന്നറിയിപ്പുണ്ട്.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സിഡ്നിയിൽ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യൻ വംശജർ പതിവായി പോകുന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ഈ പ്രദേശങ്ങളിൽ നിശ്ചിത സമയങ്ങളിലുണ്ടായിരുന്നവർക്കാണ് നിലവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

അവർ ഉടൻ കൊവിഡ് പരിശോധന നടത്തുകയും സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.

ആരോഗ്യവകുപ്പിൽ നിന്ന് പുതിയ നിർദ്ദേശം ലഭിക്കുന്നതു വരെ ഐസൊലേറ്റ് ചെയ്യണം എന്നാണ് അറിയിപ്പ്.

താഴെ പറയുന്ന സമയങ്ങളിലാണ് ഓരോ സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

  • ശരവണ ഭവൻ റെസ്റ്റോറന്റ്, പാരമറ്റ: ഡിസംബർ 28 തിങ്കൾ 10.20am – 10.50am
  • സിഡ്നി മുരുകൻ ക്ഷേത്രം: ജനുവരി ഒന്ന് വെള്ളി 12.40pm – 1.30pm
  • ഒലീ വെബ്ബ് ക്രിക്കറ്റ് ഗ്രൗണ്ട്, 37A ഗ്ലീബ് സ്ട്രീറ്റ്, പാരമറ്റ: ഡിസംബർ 28 തിങ്കൾ 7.30am – 11am
  • സിഡ്നി മരീയ ഡൈൻ ഇൻ ആന്റ് ടേക്ക് എവേ, പെൻഡ്ൽ ഹിൽ: ജനുവരി 3 ഞായർ 12.30pm – 12.50pm
  • മെരിലാൻറ്സ് RSL: ഡിസംബർ 28 തിങ്കൾ 4pm – 4.45pm

മെരിലാൻറ്സിൽ കൊവിഡ് പരിശോധന നടത്തുന്നതിനായി സർക്കാർ പുതിയ ഡ്രൈവ് ത്രൂ ക്ലിനിക്ക് തുറന്നിട്ടുണ്ട്.

ക്ലിനിക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ അറിയാം.

കൊവിഡ് ബാധ സ്ഥിരീകരിച്ച ഒരാൾ ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തതായി കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു.

ഓറഞ്ച്, ബ്രോക്കൻ ഹിൽ, നിംഗൻ തുടങ്ങിയ പ്രദേശങ്ങളിയാണ് ഇയാൾ യാത്ര ചെയ്തത്.

സിഡ്നിയിലെ ബെറാല ക്ലസ്റ്ററിലുള്ള കേസുകളാണ് നിലവിൽ ആശങ്ക പടർത്തുന്നത്.

വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കാണികളുടെ എണ്ണം പരിമിതപ്പെടുത്തുകയും, രോഗം പടർന്ന സബർബുകളിൽ നിന്നുള്ളവർക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button