NSWലെ പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകിയതായി ഫെഡറൽ കോടതി കണ്ടെത്തി. ഇതേതുടർന്ന് ഇതിന്റെ മുൻ നടത്തിപ്പുകാരോട് 210,000 ഡോളർ പിഴയടക്കാൻ കോടതി ഉത്തരവിട്ടു.
ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിലുള്ള പെട്രോൾ സ്റ്റേഷന്റെ നടത്തിപ്പുകാരായിരുന്ന ഇന്ത്യൻ വംശജരായ ദമ്പതികളോടാണ് പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്.
ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകിയെന്ന ഫെയർ വർക്ക് ഓംബുഡ്‌സ്മാന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവർ 210,000 ഡോളർ പിഴ നൽകണമെന്ന് കോടതി വിധിച്ചിരുന്നു.
ഈ ഉത്തരവിനെതിരെ പെട്രോൾ സ്റ്റേഷന്റെ നടത്തിപ്പുകാരായിരുന്ന കമൽദീപ് സിംഗും ഭാര്യയും അപ്പീൽ നൽകിയിരുന്നു.
ഈ അപ്പീൽ ഇപ്പോൾ ഫെഡറൽ കോടതി തള്ളി. ഇതോടെ ദമ്പതികളോട് 210,000 ഡോളർ പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടു.
സിൻപെക് എന്ന കമ്പനിയുടെ ഡയറക്ടർ കമൽദീപ് സിംഗ് 120,000 ഡോളറും, മാനേജർ ഉമ സിംഗ് 90,000 ഡോളറും വീതമാണ് പിഴ അടയ്‌ക്കേണ്ടത്.
2015 മേയ്ക്കും 2016 ഓഗസ്റ്റിനുമിടയിൽ ഡോയാൽസണിലെ പസിഫിക് ഹൈവെയിലുള്ള പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ രണ്ട് തൊഴിലാളികൾക്ക് 52,722 ഡോളർ കുറച്ചു നൽകിയെന്നാണ് ഫെഡറൽ കോടതി കണ്ടെത്തിയത്. ഇതിൽ പുരുഷ ജീവനക്കാരന് 24,607 ഡോളറും വനിതാ ജീവനക്കാരിക്ക് 28,114 ഡോളറുമാണ് കുറച്ചു നൽകിയത്.
ആദ്യ മൂന്ന് മാസം വനിതാ ജീവനക്കാരിക്ക് ശമ്പളം ഒന്നും നല്കിയിരുന്നില്ലെന്നും കോടതി കണ്ടെത്തി.
മാത്രമല്ല ഇവർക്ക് മണിക്കൂറിൽ ലഭിക്കേണ്ട മിനിമം വേതനമോ, അധികമായി ജോലി ചെയ്തതിന്റെ പെനാൽറ്റി റെയ്‌റ്റോ, വാരാന്ത്യത്തിലും പൊതുഅവധി ദിവസങ്ങളിലും ജോലി ചെയ്തതിന്റെ ശമ്പളമോ മറ്റ് അവകാശങ്ങളോ നൽകിയില്ലെന്നും കോടതി പറഞ്ഞു.
ബ്രിഡ്ജിംഗ് വിസയിലായിരുന്ന ഇവർ രണ്ട് പേരും റീജിയണൽ സ്‌പോൺസേർഡ് മൈഗ്രെഷൻ സ്കീം വിസയ്ക്കായി സിൻപെക് വഴി അപേക്ഷിച്ചിരുന്നു. 2016 ഓഗസ്റ്റിൽ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു .
ജീവനക്കാർക്ക് വേതനം കുറച്ചു നൽകിയതുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ മൂന്നാഴ്ച ബാക്കി നിൽക്കെ 2019 ജൂലൈയിൽ സിൻപെക് വോളന്ററി ലിക്വിഡേഷൻ നടപടികളിലേക്ക് പോയിരുന്നു.
കോടതി വിധിച്ച പിഴ അടയ്ക്കാതിരിക്കാനായി മനഃപൂർവം സിൻപെക് ലിക്വിഡേഷനിലേക്ക് പോകുകയായിരുന്നുവെന്നും കോടതി പറഞ്ഞു. താത്കാലിക വിസയിലായിരുന്ന രണ്ട് ജീവനക്കാരുടെയും അവസ്ഥ ഇവർ മുതലെടുക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം