ട്രക്കിനുള്ളിൽ 127 കിലോ കഞ്ചാവ്: സിഡ്‌നിയിൽ ഇന്ത്യക്കാരനെതിരെ കേസ്
സിഡ്‌നിയിൽ ഒരു ട്രക്കിൽ നിന്ന് മൂന്ന് മില്യൺ ഡോളറിന്റെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 25കാരനായ ഇന്ത്യക്കാരനെതിരെ പൊലീസ് കേസെടുത്തു.
സിഡ്‌നിയിലെ മാറുലാനിലുള്ള ഹെവി വെഹിക്കിൾ വേ സ്റ്റേഷനിലാണ് ട്രക്കിനുള്ളിൽ സൂക്ഷിച്ച 127 കിലോഗ്രാം കഞ്ചാവുമായി ഒരു ഇന്ത്യക്കാരനെ പൊലീസ് പിടികൂടിയത്.
സ്ട്രൈക്ക് ഫോഴ്‌സ് റാപ്റ്റർ ഓപ്പറേഷന്റെ ഭാഗമായാണ് ഇവിടെ എത്തിയ ട്രക്ക് ചൊവ്വാഴ്ച വൈകിട്ട് അധികൃതർ പരിശോധിച്ചത്.
വായു കടക്കാത്ത ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ എട്ട് ബോക്സുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂന്ന് മില്യൺ ഡോളറിലേറെ വിലമതിക്കുന്നതാണിതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
സംഭവത്തിൽ വടക്കൻ സിഡ്‌നിയിലുള്ള 25 കാരനായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മെറിലാന്റ്സിലുള്ള ഇയാളുടെ വീട് പൊലീസ് പരിശോധിക്കുകയും ഇവിടെ നിന്ന് ജെൽ ബ്ലാസ്റ്റർ, സ്റ്റിറോയിഡുകൾ, പണം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഇയാൾക്കെതിരെ നിരവധി കുറ്റങ്ങളും പൊലീസ് ചുമത്തിയിട്ടുണ്ട്. നിരോധിച്ച മയക്കുമരുന്ന് വൻ തോതിൽ വിതരണം ചെയ്തു, അനധികൃതമായി ആയുധം കൈവശം വച്ചു, നിരോധിച്ച ചെടികൾ സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഇയാൾക്ക് ഗോൽബൻ പ്രാദേശിക കോടതി ജാമ്യം നിഷേധിച്ചു.
ഇയാളുടെ വിസ സംബന്ധമായ കാര്യങ്ങളിൽ അന്വേഷണോദ്യോഗസ്ഥർ ആഭ്യന്തര വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
കടപ്പാട്: SBS മലയാളം