സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു. 32 കാരനായ മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് ആണ് സിഡ്നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓബർൺ റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിലെ ക്ലീനറെ കുത്തിപ്പരിക്കേൽപ്പിക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാൾക്ക് നേരെ ഉദ്യോഗസ്ഥർ വെടിയുതിർത്തത്.
28 കാരനായ ക്ലീനറെ അഹമ്മദ് കത്തി കൊണ്ട് ആക്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴുത്തിന്റെ ഇടത് ഭാഗത്താണ് മുറിവേറ്റത്.
വിവരം അറിഞ്ഞെത്തിയ പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് അഹമ്മദ് പൊലീസിന് നേർക്ക് പാഞ്ഞടുത്തു.
പെട്ടന്ന് അല്പമൊന്ന് പിൻവാങ്ങിയ പൊലീസ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാറ്റ് മാർഗമില്ലാതെ വന്നപ്പോൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.
രണ്ട് വെടിയുണ്ടകൾ അഹമ്മദിന്റെ നെഞ്ചിലാണ് കൊണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യയിൽ നിന്ന് സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് വന്ന് ഓബർൺ ഏരിയയിൽ താമസിക്കുകയായിരുന്നു അഹമ്മദ്.
കുത്തേറ്റയാളെ വെസ്റ്റ്‌മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണത്തിൽ കൗണ്ടർ ടെററിസം ഗ്രൂപ്പിനെ ഉൾപ്പെടുത്തിയതായും അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.