ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരുടെ എണ്ണം കുതിച്ചുയർന്നു

വിദേശത്ത് ജനിച്ച ഓസ്ട്രേലിയക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ വംശജർ ഇംഗ്ലണ്ടിന് തൊട്ടുപിന്നിലെത്തി. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ചൈനയെയും ന്യൂസിലന്റിനെയും മറികടന്ന ഇന്ത്യൻ വംശജർ, പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ഓസ്ട്രേലിയൻ ജനസംഖ്യാ ഘടനയിൽ 2011 മുതൽ 2021 വരെയുള്ള മാറ്റം വിശദമാക്കുന്ന റിപ്പോർട്ടാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ചത്.

2000നു ശേഷം ഇതാദ്യമായി വിദേശത്തു ജനിച്ചവരുടെ എണ്ണത്തിൽ കുറവു വന്ന വർഷമായിരുന്നു 2021 എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2021ലെ ഓസ്ട്രേലിയൻ ജനസംഖ്യയുടെ 29.1 ശതമാനമാണ് വിദേശത്തു ജനിച്ചവർ. 75 ലക്ഷം പേർ.

2020ൽ ഇത് ജനസംഖ്യയുടെ 29.8 ശതമാനമായിരുന്നു. അതായത്, 77 ലക്ഷം പേർ.

കോവിഡ് നിയന്ത്രണങ്ങളും, അതിർത്തി അടച്ചതും കാരണം കുടിയേറ്റത്തിലുണ്ടായ കുറവാണ് ഇതിന് അടിസ്ഥാനമായി ABS ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയയിൽ നിന്ന് നിരവധി പേർ ജന്മരാജ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

കുതിച്ചുയർന്ന് ഇന്ത്യാക്കാർ

വിദേശത്തു ജനിച്ച ഓസ്ട്രേലിയക്കാരുടെ പട്ടികയിൽ ഇതാദ്യമായി ഇന്ത്യൻ വംശജർ രണ്ടാം സ്ഥാനത്തെത്തി.

1800കൾ മുതൽ തുടരുന്ന പ്രവണത പോലെ, ഇംഗ്ലണ്ടിൽ ജനിച്ചവർ തന്നെയാണ് “വിദേശ” ഓസ്ട്രേലിയക്കാരിൽ മുന്നിൽ നിൽക്കുന്നത്.

ഏകദേശം 9,67,000 പേരാണ് ഓസ്ട്രേലിയൻ ജനതയിലെ ഇംഗ്ലീഷുകാർ. ജനസംഖ്യയുടെ 3.8 ശതമാനം.

ഇന്ത്യയിൽ ജനിച്ച ഏകദേശം 7,10,000 പേർ ഓസ്ട്രേലിയയിലുണ്ട്. ജനസംഖ്യയുടെ 2.8 ശതമാനമാണ് ഇത്.

2011ൽ മുന്നിൽ നിന്നിരുന്ന ന്യൂസിലന്റിനെയും, ചൈനയെയും പിന്തള്ളിയാണ് ഇന്ത്യാക്കാർ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തിയത്.

ചൈനയിൽ ജനിച്ചവർ 2.3 ശതമാനവും, ന്യൂസിലന്റിൽ ജനിച്ചവർ 2.2 ശതമാനവുമാണ്.

കുടിയേറ്റരീതി മാറുന്നു

2011ൽ 4.4 ശതമാനവുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും, 2.4 ശതമാനവുമായി ന്യൂസിലന്റ് രണ്ടാമതും, 1.7 ശതമാനവുമായി ചൈന മൂന്നാമതുമായിരുന്നു.

ജനസംഖ്യയുടെ 1.5 ശതമാനവുമായി നാലാം സ്ഥാനത്തു മാത്രമായിരുന്നു അന്ന് ഇന്ത്യയിൽ ജനിച്ചവർ.

കഴിഞ്ഞ പത്തു വർഷം കൊണ്ട് ഇന്ത്യാക്കാരുടെ എണ്ണത്തിൽ 3,73,000ന്റെ വർദ്ധനവാണ് ഉണ്ടായത്.

അതേസമയം, 2021ലെ മാത്രം കണക്കു നോക്കുകയാണെങ്കിൽ ഇന്ത്യയിൽ ജനിച്ചവരുടെ എണ്ണത്തിൽ 13,000 ന്റെ കുറവുണ്ടായിട്ടുണ്ട്. കുടിയേറ്റം കുറഞ്ഞതാണ് ഇതിന്റെ കാരണം.

വിദേശത്ത് ജനിച്ച ശേഷം ഓസ്ട്രേലിയയിലേക്ക് എത്തിയവരുടെ എണ്ണം മാത്രമാണ് ഇത്. ഓസ്ട്രേലിയയിൽ ജനിച്ച വിദേശ വംശജരുടെ എണ്ണം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

കാൽ നൂറ്റാണ്ട് മുമ്പുള്ള ഓസ്ട്രേലിയയെക്കാൾ തീർത്തും വ്യത്യസ്തമായ ചിത്രമാണ് ഇത് നൽകുന്നതെന്ന് മെൽബൺ ആസ്ഥാനമായുള്ള ഡെമോഗ്രാഫിക്സ് ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളായ സൈമൺ ക്വെസ്റ്റൻമേച്ചർ ചൂണ്ടിക്കാട്ടി.

“ഇപ്പോൾ ഏറ്റവും മുകളിലുള്ള പത്തു വിഭാഗങ്ങൾ നോക്കിയാൽ ആറ് എഷ്യൻ രാജ്യങ്ങളും, രണ്ട് യൂറോപ്യൻ രാജ്യങ്ങളുമാണ്. 25 വർഷം മുമ്പ് ഇതിന്റെ നേർ വിപരീത സ്ഥിതിയായിരുന്നു,” അദ്ദേഹം പറഞ്ഞു.

യൂറോപ്പിൽ ജനിച്ച ഓസ്ട്രേലിയക്കാരിൽ നല്ലൊരു ഭാഗവും 70 വയസിനോ 80 വയസിനോ മേൽ പ്രായമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയിൽ ജനിച്ച ഭൂരിഭാഗം പേരുടെയും പ്രായം 30കളിലാണ്.

ഓസ്ട്രേലിയൻ തൊഴിൽമേഖലയിൽ വരും വർഷങ്ങളിൽ ഇന്ത്യാക്കാരും ചൈനക്കാരുമാകും ഏറ്റവും കൂടുതൽ എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും സൈമൺ ക്വെസ്റ്റൻമേച്ചർ പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button