രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വാണിജ്യ വിമാനസർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചത്. മാർച്ച് 27 മുതൽ ഷെഡ്യൂൾഡ് വാണിജ്യസർവീസുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ വ്യോമയാനമന്ത്രാലയം അറിയിച്ചു.
2020 മാർച്ച് 23നാണ് ഇന്ത്യ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവച്ചത്. കൊറോണബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു തീരുമാനം.
ഹ്രസ്വകാലത്തേക്കായിരുന്നു ഈ പ്രഖ്യാപനമെങ്കിലും, പല തവണ ദീർഘിപ്പിച്ച ഈ യാത്രാ നിരോധനം രണ്ടു വർഷമായി നിലനിൽക്കുകയാണ്.
എന്നാൽ, മാർച്ച് 26 വരെ മാത്രമേ ഈ നിയന്ത്രണം നിലനിൽക്കൂ എന്ന് ഇന്ത്യൻ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.
ആഗോളതലത്തിൽ കൊവിഡ് വാക്സിനേഷൻ നിരക്ക് ഉയർന്നതും, വ്യോമയാന കമ്പനികളുടെ നിലപാടും പരിഗണിച്ച ശേഷമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആരോഗ്യമന്ത്രാലയം ഫെബ്രുവരി പത്തിന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും സർവീസുകൾ അനുവദിക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.
ഓസ്ട്രേലിയ ഉൾപ്പെടെ 90ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് PCR പരിശോധന ആവശ്യമില്ല എന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് ആരോഗ്യമന്ത്രാലയം കൊണ്ടുവന്നിരുന്നത്.
യാത്ര ചെയ്യുന്നതിന് മുമ്പ് എയർ സുവിധ പോർട്ടലിൽ ഡിക്ലറേഷൻ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
ഓസ്ട്രേലിയയിൽ നിന്ന് കൂടുതൽ സർവീസുകൾ
വാണിജ്യ വിമാനസർവീസുകൾ നിരോധിച്ചിരുന്നപ്പോഴും ചാർട്ടർ വിമാനങ്ങളും, എയർ ബബ്ളിന്റെ ഭാഗമായുള്ള സർവീസുകളും ഇന്ത്യ അനുവദിക്കുന്നുണ്ടായിരുന്നു.
ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബ്ൾ സംവിധാനം നിലവിലുണ്ട്.
എന്നാൽ, എയർ ബബ്ൾ മുഖേന ട്രാൻസിറ്റ് യാത്രകൾക്ക് നിയന്ത്രണങ്ങളുള്ളതിനാൽ, ഓസ്ട്രേലിയയിൽ നിന്നുള്ളവർക്ക് സിംഗപ്പൂർ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ലായിരുന്നു.
മലേഷ്യയുമായി ഇന്ത്യയ്ക്ക് ട്രാവൽ ബബ്ൾ ഇല്ലാത്തിനാൽ അതുവഴിയുള്ള സർവീസുകളും ഇതുവരെ തുടങ്ങിയിരുന്നില്ല.
എന്നാൽ ഇന്ത്യ വാണിജ്യ സർവീസുകൾ അനുവദിച്ചു തുടങ്ങുന്നതോടെ ഓസ്ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, മലേഷ്യ വഴിയുള്ള സർവീസുകളും തുടങ്ങും.
ഏപ്രിൽ ഒന്നു മുതൽ സിംഗപ്പൂർ എയർലൈൻസ് കൊച്ചിയിലേക്ക് സർവീസ് തുടങ്ങുമെന്ന് സിഡ്നിയിലെ പീറ്റേഴ്സൻ ട്രാവൽസിലെ ജിജു പീറ്റർ പറഞ്ഞു.
ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലേക്കും ഓസ്ട്രേലിയയിൽ നിന്ന് സിംഗപ്പൂർ വഴിയുള്ള സർവീസ് തുടങ്ങുന്നുണ്ട്.
മലേഷ്യൻ എയർലൈൻസും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഏപ്രിൽ മുതൽ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജിജു പീറ്റർ പറഞ്ഞു.
എന്നാൽ കൊച്ചിയിലേക്ക് 2022 ഡിസംബർ മുതൽ മാത്രമാണ് മലേഷ്യൻ എയർലൈൻസ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കാരും കൂടുമെന്നാണ് റിപ്പോർട്ടുകൾ.
സിഡ്നിയിലേക്കും മെൽബണിലേക്കും അഡ്ലൈഡിലേക്കും യാത്ര ചെയ്യാൻ ടിക്കറ്റ് തേടുന്നവരുടെ എണ്ണം ഈ മാസം മാത്രം 15-20 ശതമാനം കൂടിയതായി ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ഇക്സിഗോയുടെ സി ഇ ഒ അലോക് ബാജ്പേയി ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം