ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയക്കാർ കുടുങ്ങിക്കിടക്കുന്നത് ഇന്ത്യയിൽ

ഇന്ത്യയിൽ 10994 ഓസ്‌ട്രേലിയക്കാർ കുടുങ്ങികിടക്കുന്നതായി ഓസ്‌ട്രേലിയൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 209 കുട്ടികളും ഉൾപ്പെടുന്നു.

ഓസ്‌ട്രേലിയൻ ക്വാറന്റൈൻ സംവിധാനത്തിന്റെ പരിമിതികളും വിമാന യാത്രയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഓസ്‌ട്രേലിയക്കാരുടെ തിരിച്ചു വരവിനെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഓസ്‌ട്രേലിയയിലെ ക്വാറന്റൈൻ സംവിധാനത്തിൽ കൂടുതൽ പേരെ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തെ വിമർശിച്ചുകൊണ്ട് ലേബർ സെനറ്റർ പെനി വോംഗ് രംഗത്തെത്തി.

വിദേശ കാര്യ മന്ത്രി മരിസ പെയ്‌നും, DFAT ഉദ്യോഗസ്ഥരും സെനറ്റ് എസ്റ്റിമേറ്റിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയക്കാരുടെ തിരിച്ചു വരവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്.

നിലവിൽ 35,128 ഓസ്‌ട്രേലിയക്കാർ വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിൽ തിരിച്ചെത്താനായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുന്നതായി DFAT വ്യക്തമാക്കി.

വിദേശത്തുള്ള 35,128 ഓസ്‌ട്രേലിയക്കാരിൽ 10,994 പേരും ഇന്ത്യയിലാണ്. ഇതിൽ 209 കുട്ടികൾ ഉൾപ്പെടുന്നതായാണ് കണക്കുകൾ. ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാരിൽ1,024 പേരെ ദുർബലരായ അഥവാ വൾനറബിൾ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

‘നിങ്ങൾ എപ്പോഴെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുമോ?’ എന്നാണ് സെനറ്റർ വോംഗ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് സെനറ്റർ പെയിനിനോട് ചോദിച്ചത്.

അതെസമയം, കഴിഞ്ഞ വർഷം മാർച്ചിൽ മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ആയിരകണക്കിന് ഓസ്‌ട്രേലിയക്കാരെ വിദേശത്ത് നിന്ന് തിരിച്ചെത്തിച്ചു കഴിഞ്ഞതായി മരിസ പെയ്ൻ മറുപടി പറഞ്ഞു.

മെയ് മാസത്തിലെ ഇന്ത്യയുമായുള്ള യാത്രാ വിലക്ക് പിൻവലിച്ചതിന് ശേഷം എട്ട് വിമാന സർവീസുകളാണ് ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിൽ എത്തിയത്. വിലക്ക് പിൻവലിച്ച ശേഷം, 1,500 ഓളം ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിച്ചതായി DFAT സ്ഥിരീകരിച്ചു.

എന്നാൽ ജൂൺ മാസത്തിൽ മൂന്ന് വിമാന സർവീസുകൾക്ക് മാത്രമാണ് ഇപ്പോൾ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കുന്നതിനായി അനുമതി നൽകിയിരിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൻ, അമേരിക്ക, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയക്കാർ കുടുങ്ങിക്കിടക്കുന്നത്.

വിദേശത്തുള്ള എല്ലാ ഓസ്‌ട്രേലിക്കാരെയും എപ്പോൾ തിരിച്ചെത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യകതമായ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്നും DFAT വ്യകത്മാക്കി.

കടപ്പാട്: SBS മലയാളം

Exit mobile version