ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി

ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ലാൻഡിംഗ് വിലക്ക് വീണ്ടും നീട്ടിയതായി ഇന്ത്യൻ സർക്കാർ അറിയിച്ചു. മാർച്ച് 31 വരെയാണ് യാത്രാ വിലക്ക് നീട്ടിയത്.

കൊവിഡ് ബാധയെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്.

രോഗബാധ വർദ്ധിച്ചുവന്ന സാഹചര്യത്തിൽ വിലക്കേർപ്പെടുത്തിരിയിരിക്കുന്ന തീയതി അടുക്കുന്നതോടെ ഓരോ തവണയും യാത്രാ വിലക്ക് ദീർഘിപ്പിക്കുകയാണ്.

ഫെബ്രുവരി 28 വരെയായിരുന്നു യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോൾ മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്.

എന്നാൽ ചരക്ക് വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും യാത്രാ ബബ്ൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് അനുവദിക്കുന്നത് തുടരുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ 27 രാജ്യങ്ങളുമായാണ് ഇന്ത്യക്ക് യാത്രാ ബബ്ൾ ഉള്ളത്. അമേരിക്ക, ബ്രിട്ടൻ, ജർമനി, കാനഡ, ഒമാൻ, റഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്കാണ് ഇന്ത്യൻ സർക്കാർ വീണ്ടും നീട്ടിയത്.

ഓസ്ട്രേലിയ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളുമായി ബബ്ൾ സാധ്യത പരിഗണിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, കൊവിഡ് ബാധ ഇപ്പോഴും കൂടി നിൽക്കുന്ന ഇന്ത്യയുമായി ബബ്ൾ ഉണ്ടാകില്ല എന്ന സൂചനയാണ് ഓസ്ട്രേലിയൻ സർക്കാർ നൽകിയത്.

രാജ്യത്ത് 16,577 പുതിയ വൈറസ് ബാധ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് വീണ്ടും നീട്ടിയത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button