കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടാൻ തീരുമാനിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധ നിയന്ത്രണവിധേയമായി എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടിയത്.
സെപ്റ്റംബറിൽ ഏറ്റവും ഉയർന്ന നിലയിലായിരുന്ന കൊറോണബാധ, ഇപ്പോൾ പിടിച്ചുനിർത്താൻ കഴിഞ്ഞു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.
എന്നാൽ കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളിലാണ് രോഗബാധ ഇപ്പോഴും ഏറ്റവും സജീവമായുള്ളതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
രോഗബാധ പൊതുവിൽ നിയന്ത്രണത്തിൽ വന്നെങ്കിലും, യാത്രാ വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് ഒരു മാസം കൂടി അനുമതി നൽകില്ല.
യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.
വാണിജ്യ യാത്രാ വിമാനങ്ങൾക്കാണ് ഈ വിലക്ക് ബാധകം. ചരക്കുവിമാനങ്ങൾക്കും, യാത്രാ ബബ്ൾ നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കും ഇത് ബാധകമല്ല.
വ്യോമയാന ഡയറക്ടർ ജനറൽ (DGCA) അനുമതി നൽകിയിട്ടുള്ള ചാർട്ടർ വിമാനങ്ങൾക്കും സർവീസ് തുടരാം.
ആകെ 24 രാജ്യങ്ങളുമായാണ് ഇന്ത്യ യാത്രാ ബബ്ൾ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ ബ്രിട്ടനുമായുള്ള യാത്രാ ബബ്ൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
വ്യാപനസാധ്യത കൂടിയ യു കെ സ്ട്രെയ്ൻ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഇത്.
കടപ്പാട്: SBS മലയാളം