ഓസ്‌ട്രേലിയയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പുവയ്ക്കുമെന്ന് വാണിജ്യമന്ത്രി ഡാന്‍ ടെഹാന്‍ വ്യക്തമാക്കി. 24 ബില്യണ്‍ ഡോളറിന്‌റെ വാണിജ്യബന്ധമാകും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുക.
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2011 മുതല്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപമാകുന്നത്.
ഇയാഴ്ച അവസാനത്തോടെ കരാര്‍ ഒപ്പുവയ്ക്കുമെന്ന് വാണിജ്യമന്ത്രി ഡാന്‍ ടെഹാന്‍ എ ബി സിയോട് പറഞ്ഞു.
കടുപ്പമേറിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നും, ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകും കരാര്‍ ഒപ്പുവയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ഓസ്‌ട്രേലിയ ഏറെ പ്രാധാന്യത്തോടെയാണ് ഈ വ്യാപാര കരാറിനെ കാണുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചിട്ടുണ്ട്.
ഇതോടെ, ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി തേടുക എന്ന ലക്ഷ്യമാണ് ഇന്ത്യയുമായുള്ള വ്യാപാരകരാറിലൂടെ ഓസ്‌ട്രേലിയ സാക്ഷാത്കരിക്കുന്നത്.
അതോടൊപ്പം, ഇന്ത്യയില്‍ നിന്നുള്ള നിരവധി സേവനങ്ങളും ഉത്പന്നങ്ങളും നികുതിയില്ലാതെ ഓസ്‌ട്രേലിയയിലേക്കും എത്തിക്കാന്‍ കഴിയും.
ഒരു ഇടക്കാല സ്വതന്ത്ര വ്യാപാര കരാറാകും ആദ്യഘട്ടത്തില്‍ ഒപ്പുവയ്ക്കുക എന്നാണ് സൂചന. അന്തിമ കരാര്‍ പിന്നീടാകും വരുന്നത്.
2011 മുതല്‍ നിരവധി റൗണ്ട് ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.
ഇടയ്ക്കുവച്ച് ചര്‍ച്ച വഴിമുട്ടിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി ടോണി അബറ്റിന്‌റെ സഹായവും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തേടിയിരുന്നു.
24 ബില്യണ്‍ ഡോളര്‍ വ്യാപാരം
സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം 24 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.
2021ല്‍ 12.5 ബില്യണ്‍ ഡോളറിന്റെ ബന്ധമുണ്ടായിരുന്നത്, കഴിഞ്ഞ പത്തു മാസങ്ങള്‍ക്കുള്ളില്‍ 17.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ പത്തു മാസങ്ങള്‍ക്കിടയില്‍ ഓസ്‌ട്രേലിയയില്‍ 12.1 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് 5.6 ബില്യണ്‍ ഡോളറിന്‌റെ ഇറക്കുമതി നടത്തുകയും ചെയ്തു.
കല്‍ക്കരി, സ്വര്‍ണ്ണം, പ്രകൃതിവാതകം എന്നിവയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് കയറ്റുമതി ചെയ്തത്.
മൈനിംഗ്, മരുന്ന് നിര്‍മ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, പ്രതിരോധം, വസ്ത്രനിര്‍മ്മാണം തുടങ്ങിയ മേഖലകളിലാകും സ്വതന്ത്ര വ്യാപാര കരാറിലൂടെ സഹകരണം കൂടുന്നത്.
ഇതോടൊപ്പം ഭക്ഷ്യ ഉത്പന്നങ്ങളുടെയും മറ്റും കയറ്റുമതിയും വര്‍ദ്ധിക്കും.
അതേസമയം, ചില ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു നല്‍കണമെന്ന് ആവശ്യപ്പെടില്ലെന്ന് ഡാന്‍ ടെഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബീഫ്, പാലുത്പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയവയ്ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യന്‍ വിപണി തേടാത്തത്.
കടപ്പാട്: SBS മലയാളം