ഓസ്‌ട്രേലിയയിലെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമായതിന് ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും താത്കാലിക വിസക്കാർക്ക് അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള വ്യക്തത ലഭിച്ചിട്ടില്ല. ഇവർക്കും യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി മുനഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.
ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമെനന്റ് റെസിഡെൻസിനും മാത്രമാണ് നിലവിൽ ഓസ്‌ട്രേലിയൻ സർക്കാർ അതിർത്തി തുറന്നിരിക്കുന്നത്. താത്കാലിക വിസകളിൽ ഉള്ളവരുടെ കാര്യത്തിൽ ഇതുവരെ സർക്കാർ വ്യക്തത നൽകിയിട്ടില്ല.
ഓസ്‌ട്രേലിയയിലുള്ള ഏകദേശം 10 ലക്ഷം താത്കാലിക വിസക്കാരും വിദേശത്തുള്ള പതിനായിരത്തിലേറെ അഭയാർത്ഥികളും അനിശ്ചിതാവസ്ഥ നേരിടുകയാണ് എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ഈ വിഭാഗത്തിലുള്ളവർക്ക് യാത്ര ചെയ്യാൻ തടസ്സമായി നിൽക്കുന്ന കടുത്ത നിയന്ത്രണങ്ങൾ എപ്പോൾ പിൻവലിക്കും എന്നത് സംബന്ധിച്ച് സർക്കാർ വ്യക്തത നൽകണമെന്ന് രംഗത്തെ അഭിഭാഷകർ ആവശ്യപ്പെട്ടു.
താത്കാലിക വിസക്കാരുടെ കാര്യത്തിൽ സർക്കാർ വ്യക്തത നൽകാത്തത് നിരവധി പേരെ പ്രതിസന്ധിയിലാക്കുന്നതായി ഹ്യൂമൻ റൈറ്സ് ലോ സെന്റർ ചൂണ്ടിക്കാട്ടി(HRLC).
ബുധനാഴ്ച പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ (Still left behind – stranded refugees and residents on temporary visas must be part of Australia’s reopening plan) ഈ പ്രതിസന്ധിയെക്കുറിച്ച് ഇവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന താത്കാലിക വിസക്കാരിൽ ഒരാളാണ് ആശിഷ് (ശരിയായ പേര് നൽകിയിട്ടില്ല). മെൽബണിലുള്ള പാർട്ടൺക്ക് ഒപ്പം ചേരാൻ അദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇളവുകൾക്കായുള്ള അപേക്ഷ പല തവണ നിരസിച്ച കാര്യം ആശിഷ് ചൂണ്ടിക്കാട്ടി.
താത്കാലിക വിസക്കാർക്കും ജീവിതമുണ്ട്, അവരും നികുതി അടക്കുന്നു, അവർക്ക് കുടുംബങ്ങളുണ്ട് എന്നദ്ദേഹം പറഞ്ഞു.
എല്ലാവരോടും ന്യായമായ സമീപനം വേണമെന്നും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താത്കാലിക വിസയിലുള്ളവർക്ക് കർശന നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് ലോ സെന്ററിലെ അഭിഭാഷകൻ സ്കോട്ട് കോസ്ഗ്രിഫ് ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമ്പോൾ താത്കാലിക വിസക്കാരുടെ കാര്യത്തിൽ സർക്കാർ വ്യക്തത നൽകുമെന്നായിരുന്നു പൊതുവിലുള്ള കണക്ക്കൂട്ടൽ. എന്നാൽ ഈ നിരക്ക് പിന്നിട്ടതിന് ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ വ്യക്തത നൽകിയിട്ടില്ല.
എല്ലാവർക്കും സ്വന്തം കുടുംബാംഗങ്ങളെ വീണ്ടും കാണാൻ സഹായിക്കുന്ന ന്യായമായ ഒരു പദ്ധതിയാണ് ആവശ്യപ്പെടുന്നതെന്ന് എസ് ബി എസ് ന്യൂസിനോട് സ്കോട്ട് കോസ്ഗ്രിഫ് പറഞ്ഞു.
ഇളവുകൾ ലഭിക്കാനുള്ള നിലവിലുള്ള സംവിധാനങ്ങൾ സങ്കീർണമാണെന്ന് ഹ്യൂമൻ റൈറ്സ് വാച്ച് ഓസ്‌ട്രേലിയയുടെ ഡയറക്ടർ എലെയ്ൻ പിയേഴ്സൺ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയിലുള്ള താത്കാലിക വിസക്കാർക്ക് പുറമെ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരും ഓസ്‌ട്രേലിയിലെത്താൻ കാത്തിരിക്കുന്ന കാര്യം ഇവർ ചൂണ്ടിക്കാട്ടി.
വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് യാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ താത്കാലിക വിസകളിൽ ഉള്ളവരെയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഈ വിഷയത്തിന് മുൻഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് പ്രസ്താവനയിലൂടെ അറിയിച്ചു.
നവംബർ ഒന്ന് മുതൽ കൂടുതൽ ഓസ്‌ട്രേലിയൻ പൗരന്മാരെയും അടുത്ത ബന്ധുക്കളെയും സുരക്ഷിതമായി ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിക്കാൻ തുടങ്ങിയതായി കാരൻ ആൻഡ്രൂസ് ചൂണ്ടിക്കാട്ടി.
ഇനി മറ്റ് വിസാ വിഭാഗങ്ങളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള തീരുമാനം പരിഗണിക്കുമെന്ന് കാരൻ ആൻഡ്രൂസ് വ്യക്തമാക്കി.
അതെസമയം വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്ക് ക്വാറന്റൈൻ ഇല്ലാതെ എത്താമെന്ന് NSW സർക്കാർ അറിയിച്ചിരുന്നു.
കടപ്പാട്: SBS മലയാളം