2023ല്‍ ഓസ്‌ട്രേലിയന്‍ വീടുവില ഉയര്‍ന്നത് 8.1 ശതമാനം

ഓസ്‌ട്രേലിയയിലെ വീടുവിലയില്‍ കഴിഞ്ഞ വര്‍ഷം ശരാശരി 8.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി റിസര്‍ച്ച് സ്ഥാപനമായ കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ 2024ല്‍ സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നും കോര്‍ ലോജിക് ചൂണ്ടിക്കാട്ടി.

പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്കും, വിലക്കയറ്റത്തിനും ഇടയിലും ഓസ്‌ട്രേലിയയിലെ ഭവന വിപണി കൂടുതല്‍ കരുത്താര്‍ജ്ജിച്ച വര്‍ഷമായിരുന്നു 2023 എന്നാണ് കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ നവംബര്‍ മാസത്തിലെ അപ്രതീക്ഷിത പലിശ വര്‍ദ്ധനവ് വര്‍ഷാവസാനം വിപണിയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

8.1 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് വീടുവിലയില്‍ ഉണ്ടായപ്പോള്‍, ഡിസംബര്‍ മാസത്തില്‍ ഇത് 0.4 ശതമാനം മാത്രമാണ്.

പെര്‍ത്ത്, ബ്രിസ്‌ബൈന്‍, സിഡ്‌നി എന്നീ തലസ്ഥാന നഗരങ്ങളിലാണ് 2023ല്‍ ഏറ്റവുമധികം വീടുവില കൂടിയത്.

പെര്‍ത്തില്‍ 15.2 ശതമാനവും, ബ്രിസ്‌ബൈനില്‍ 13.1 ശതമാനവും, സിഡ്‌നിയില്‍ 11.1 ശതമാനവും വാര്‍ഷിക വര്‍ദ്ധനവുണ്ടായി.

അഡ്‌ലൈഡില്‍ 8.8%, മെല്‍ബണില്‍ 3.5%, കാന്‍ബറയില്‍ 0.5% എന്നിങ്ങനെയാണ് മറ്റ് വര്‍ദ്ധനവ്.

മറ്റ് രണ്ട് ചെറുതലസ്ഥാന നഗരങ്ങളിലും 2023ല്‍ വീടുവില കുറയുകാണ് ഉണ്ടായത്.

ഹോബാര്‍ട്ടില്‍ 0.8 ശതമാനവും ഡാര്‍വിനില്‍ 0.1 ശതമാനവും വില കുറഞ്ഞു.

2021ല്‍ ഓസ്‌ട്രേലിയയിലെ വീടുവിലയില്‍ 24.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരുന്നത്. അതിനു ശേഷമുണ്ടായ പലിശ നിരക്ക് വര്‍ദ്ധനവാണ് സ്ഥിതി മാറ്റിയത്.

2023 മേയ് മാസത്തില്‍ 1.3 ശതമാനം വരെ വില കൂടിയെങ്കിലും, ജൂണിലും നവംബറിലുമുണ്ടായ പലിശ നിരക്ക് വര്‍ദ്ധനവ് ട്രെന്റില്‍ മാറ്റമുണ്ടാക്കി.

ജൂണിനു ശേഷം പെര്‍ത്ത്, അഡ്‌ലൈഡ്, ബ്രിസ്‌ബൈന്‍ നഗരങ്ങളില്‍ മാത്രമാണ് എല്ലാമാസവും ശരാശരി ഒരു ശതമാനം വീതം വര്‍ദ്ധനവുണ്ടായത്.

സിഡ്‌നിയിലും മെല്‍ബണിലും ജൂണിനു ശേഷം സ്ഥിതിയില്‍ മാറ്റമുണ്ടായി.

ഡിസംബറില്‍ സിഡ്‌നിയില്‍ 0.2 ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവ് മാത്രം ഉണ്ടായപ്പോള്‍, മെല്‍ബണില്‍ 0.3 ശതമാനം വില കുറയുകയാണ് ഉണ്ടായത്.

ഉയര്‍ന്ന പലിശ നിരക്കും, സാമ്പത്തിക രംഗത്തെ മാന്ദ്യവും 2024ല്‍ ഭവന വിപണിയെ ബാധിക്കും എന്നാണ് കോര്‍ ലോജിക്കിന്റെ വിലയിരുത്തല്‍.

വീണ്ടുമൊരു പലിശ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് കോര്‍ ലോജിക് പ്രവചിക്കുന്നത്. എന്നാല്‍, പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുമെന്നും, അത് വിലയെ ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

2024 അവസാനത്തോടെ പലിശ നിരക്ക് കുറയുകയാണെങ്കില്‍ അത് ഭവനവിപണിയെ വീണ്ടും ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുമെന്നും കോര്‍ ലോജിക് വിലയിരുത്തുന്നുണ്ട്.
Exit mobile version