ഓസ്‌ട്രേലിയയിൽ വീടുകളുടെ വിലയിൽ വൻ വർദ്ധനവ്

ഓസ്‌ട്രേലിയയിൽ വീടുകൾക്ക് 17 വർഷത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്തെ വീടുകളുടെ വില ഫെബ്രുവരിയിൽ 2.1 ശതമാനം ഉയർന്നതായാണ് കോർ ലോജിക് പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓസ്‌ട്രേലിയയിലെ വസ്തുക്കളുടെ വില വിവരങ്ങൾ ശേഖരിച്ച് അവ ബിസിനസുകൾക്കും സർക്കാരിനും നൽകുന്ന കോർ ലോജിക് ആണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്.

രാജ്യത്തെ വീടുകളുടെ വില 17 വർഷത്തെ ഏറ്റവും കൂടിയ നിലയിലേക്ക് ഉയർന്നതായാണ് കണക്കുകൾ. വീടുകളുടെ വിലയിൽ ഫെബ്രുവരിയിൽ 2.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കോർ ലോജിക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വർദ്ധനവാണിത്.

ഓസ്ട്രേലിയയിൽ ഇതിനു മുമ്പ് ശരാശരി വീടുവില ഏറ്റവുമധികം ഉയർന്നു നിന്നത് 2003 ഓഗസ്റ്റിലാണ്.

കഴിഞ്ഞ 30 ദിവസങ്ങളായി രാജ്യത്തെ എല്ലാ തലസ്ഥാന നഗരികളിലും ഉൾപ്രദേശങ്ങളിലും വില ഉയർന്നിട്ടുണ്ട്. തലസ്ഥാന നഗരങ്ങളിൽ രണ്ട് ശതമാനവും ഉൾപ്രദേശങ്ങളിൽ 2.1 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ജനുവരിയിൽ വീട് വിലയിൽ 0.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കോർ ലോജിക് കണക്കുകൾ പുറത്തിവിട്ടിരുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധി അവസാനിച്ച ശേഷം ഇത്രയധികം വിലവർദ്ധനവ് ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ.

സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ യഥാക്രമം 2.5 ശതമാനവും 2.1 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് സിഡ്‌നിയിൽ വീടുകൾക്കും യൂണിറ്റുകൾക്കും മീഡിയൻ വില 895,933 ഡോളറും മെൽബണിൽ ഇത് 7,17,767 ഡോളറുമാണ്.

മറ്റ് നഗരങ്ങളിലും വീടുകളുടെ വില ഉയർന്നു. കാൻബറയാണ് മൂന്നാം സ്ഥാനത്ത്. 7,06,454 ഡോളറാണ് ഇവിടെ മീഡിയൻ വിലയെങ്കിൽ 5,35,994 ഡോളറാണ് നാലാം സ്ഥാനത്തുള്ള ഹൊബാർട്ടിലെ വീടുകളുടെ മീഡിയൻ വില. അഞ്ചാം സ്ഥാനത്തുള്ള ബ്രിസ്‌ബൈനിൽ 535,618 ഡോളറാണ് മീഡിയൻ വില.

ബ്രിസ്‌ബൈനിൽ നവംബർ 2007ന് ശേഷം ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ബ്രിസ്‌ബൈനിൽ 12 മാസത്തിൽ 10 ശതമാനം ഉയർച്ചയാണ് വീട് വിലയിൽ ഉണ്ടായത്.

കോർ ലോജിക്കിന്റെ കണക്ക് പ്രകാരം ഫെബ്രുവരിയിൽ ബ്രിസ്‌ബൈനിൽ 1.5 ശതമാനം വില വർദ്ധനവ് രേഖപ്പെടുത്തി. ഇത് വഴി അഞ്ച് ശതമാനം വാർഷിക വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2007ൽ 1.72 ശതമാനമായിരുന്നു വീടുകളുടെ വിലയിലുള്ള വർദ്ധനവ്.

പെർത്തിൽ മീഡിയൻ വില 4,91,795 ഡോളറും അഡ്‌ലൈഡിൽ 4,78,587 ഡോളറും ഡാർവിനിൽ 4,38,645 ഡോളറുമാണ്.

നിലവിൽ രാജ്യത്താകമാനം വീടുകളുടെ മീഡിയൻ വില 5,98,884 ഡോളറാണ്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button