ഓഗസ്റ്റ് മാസത്തിൽ ഓസ്ട്രേിലയയിലെ വീട് വില 1.6 ശതമാനം ഇടിഞ്ഞതായി കോർലോജിക്കിന്റെ റിപ്പോർട്ട്.
1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തിൽ ഇത്രയും വില കുറയുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഡാർവിൻ ഒഴികെ മറ്റെല്ലാ തലസ്ഥാന നഗരങ്ങളിലും വില കുറഞ്ഞു എന്നാണ് കോർ ലോജിക് ചൂണ്ടിക്കാട്ടുന്നത്. ഡാർവിനിൽ 0.9 ശതമാനം വർദ്ധനവുണ്ടായി.
പലിശ നിരക്ക് കുതിച്ചുയർന്നതും, ജീവിതച്ചെലവ് കൂടിയതുമാണ് വീട് വാങ്ങുന്നതിൽ നിന്ന് പലരെയും അകറ്റിനിർത്തുന്നതെന്ന് കോർ ലോജിക്കിന്റെ എലിസ ഓവൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 28 ശതമാനം വില ഉയർന്ന ശേഷമാണ് വിപണി തുടർച്ചയായ ഇടിവിലേക്ക് നീങ്ങിയത്
സിഡ്നിയിലാണ് വില ഏറ്റവും കുറഞ്ഞത്. 2.3 ശതമാനമാണ് സിഡ്നിയിലെ ഓഗസ്റ്റ് മാസത്തിലെ ഇടിവ്.
ബ്രിസ്ബൈിൽ 1.8 ശതമാനവും, കാൻബറയിലും, ഹോബാർട്ടിലും 1.7 ശതമാനവും വില കുറഞ്ഞു. മെൽബണിൽ 1.2 ശതമാനം കുറഞ്ഞപ്പോൾ, പെർത്തിൽ 0.2 ശതമാനവും, അഡ്ലൈഡിൽ 0.1 ശതമാനവുമാണ് കുറവ്.,
കഴിഞ്ഞ മൂന്നു മാസം കൊണ്ട് ദേശീയ തലത്തിൽ 3.4 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
സിഡ്നിയിൽ 5.9 ശതമാനവും, മെൽബണിൽ 3.8 ശതമാനവുമാണ് മൂന്നു മാസത്തിൽ വില കുറഞ്ഞത്.
തലസ്ഥാന നഗരങ്ങൾക്ക് പുറമേ, ഉൾനാടൻ മേഖലകളിലും വില കുറയുന്നുണ്ട്.
അതേസമയം, വീടുകളുടെ മൂല്യം വിലയിരുത്തുന്ന മറ്റൊരു സ്ഥാപനമായ പ്രോപ്ട്രാക്കിന്റെ വിലയിരുത്തൽ പ്രകാരം ഇടിവ് ഇത്രത്തോളം രൂക്ഷമല്ല.
ഓഗസ്റ്റ് മാസത്തിൽ 0.4 ശതമാനമാണ് വില ഇടിഞ്ഞത് എന്നാണ് പ്രോപ്ട്രാക്കിന്റെ റിപ്പോർട്ട്.
വില ഇടിഞ്ഞു എന്നാണ് കണക്കുകളെങ്കിലും, ഇത് എല്ലാ വിടുകളെയും ബാധിക്കുന്നില്ല എന്നാണ് റിയൽ എസ്റ്റേറ്റ് വിപണിയിലെ റിപ്പോർട്ട്.
പല മേഖലകളിലും റിസർവ് വിലയെക്കാൾ മുകളിലാണ് ലേലത്തിൽ വീടുകൾ വിറ്റുപോകുന്നത്.
കടപ്പാട്: SBS മലയാളം