ഓസ്ട്രേലിയൻ വീടുവില വീണ്ടും ഇടിയുന്നു; പലിശ വീണ്ടും ഉയർത്തുമെന്ന് റിപ്പോർട്ട്
കൊവിഡ് കാലത്തെ റെക്കോർഡ് വിലവർദ്ധനവിന് ശേഷം ഓസ്ട്രേലിയയിലെ വീടുകളുടെ വില തുടർച്ചയായി കുറയുകയാണ്.
സെപ്റ്റംബർ 30ന് അവസാനിച്ച മൂന്നു മാസത്തിൽ ദേശീയതലത്തിൽ 4.1 ശതമാനത്തിന്റെ ഇടിവാണ് വിലയിൽ ഉണ്ടായതെന്ന് കോർ ലോജിക്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒറ്റ മാസത്തിൽ 1.4 ശതമാനം കുറവാണ് ഉണ്ടായത്.
സിഡ്നിയിലാണ് ഇടിവ് ഏറ്റവും രൂക്ഷമാകുന്നത്. ഒറ്റ മാസത്തിൽ 1.8 ശതമാനവും, മൂന്നു മാസത്തിൽ 6.1ശതമാനവും വിലക്കുറവാണ് സിഡ്നിലെ വീടുകൾ നേരിട്ടത്.
മെൽബൺ, ബ്രിസ്ബൈൻ, ഹോബാർട്ട് എന്നീ നഗരങ്ങളും സമാനമായ രീതിയിൽ വിലയിടിവ് നേരിട്ടു.
തലസ്ഥാന നഗരങ്ങളിലെ വീടുവിലയിലുണ്ടായ മാറ്റം ഇങ്ങനെയാണ് കോർ ലോജിക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉൾനാടൻ മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല.
പ്രധാന നഗരങ്ങളിൽ വില കുറഞ്ഞു തുടങ്ങിയപ്പോഴും ഉൾനാടൻ മേഖലകളിലേക്ക് അത് വ്യാപിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണെന്ന് കോർ ലോജിക് വ്യക്തമാക്കി.
1990കളുടെ തുടക്കത്തിൽ ഓസ്ട്രേലിയയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ പോലും ഇത്രയും കനത്ത ഇടിവ് വീടുവിലയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കോർ ലോജിക്കിന്റെ ടിം ലോലെസ് എ ബി സിയോട് പറഞ്ഞത്.
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന കാലത്ത് ഓസ്ട്രേലിയയിലെ വീടുവിലയിൽ 25.5 ശതമാനം വർദ്ധനവായിരുന്നു ഉണ്ടായത്.
ഇതിൽ നിന്ന് 5.5 ശതമാനം ഇതിനകം കുറഞ്ഞിട്ടുണ്ട്.
പലിശ വീണ്ടും കൂടും
രാജ്യത്തെ ബാങ്കിംഗ് പലിശനിരക്കിൽ റിസർവ് ബാങ്ക് വരുത്തുന്ന വർദ്ധനവാണ് വീടുകളുടെ വില കുറയുന്നതിന്റെ പ്രധാന കാരണം.
മേയ് മാസത്തിനു ശേഷം അഞ്ചു മാസം കൊണ്ട് 2.25 ശതമാനം വർദ്ധനവാണ് പലിശ നിരക്കിൽ വരുത്തിയിട്ടുള്ളത്.
നിലവിൽ 2.35 ശതമാനമാണ് രാജ്യത്തെ അടിസ്ഥാന പലിശനിരക്ക്.
ഈ ചൊവ്വാഴ്ച റിസർവ് ബാങ്ക് വീണ്ടും പലിശ ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ.
അര ശതമാനം കൂടി വർദ്ധിപ്പിച്ച് പലിശ 2.85 ശതമാനമാക്കുമെന്ന് വിവിധ സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചു.
അടുത്ത വർഷം പകുതിയോടെ ഇത് നാലു ശതമാനമായി ഉയരുമെന്നാണ് മുന്നറിയിപ്പുകൾ.
അതേസമയം, വീടുവില കുറയുന്നതിനൊപ്പം വാടക ഉയരുകയുമാണ്.
സെപ്റ്റംബറിൽ 0.6 ശതമാനം വർദ്ധനവാണ് ദേശീയതലത്തിൽ വാടകയിലുണ്ടായത്.
കൊവിഡ് തുടങ്ങിയ ശേഷം തലസ്ഥാനനഗരങ്ങളിലെ വാടകയിൽ 16.5 ശതമാനത്തിന്റെയും, ഉൾനാടൻ മേഖലയിൽ 25.1 ശതമാനത്തിന്റെയും വർദ്ധനവുണ്ടായി.
യൂണിറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 11.8 ശതമാനം വാടക കൂടി. ഇത് റെക്കോർഡ് വാർഷിക വർദ്ധനവാണ്.
വിദേശത്തു നിന്നുള്ള കുടിയേറ്റം വർദ്ധിക്കുന്നതോടെ വാടകവിപണി കൂടുതൽ സമ്മർദ്ദത്തിലാകും എന്നാണ് ആശങ്ക.
കടപ്പാട്: SBS മലയാളം