സിഡ്നിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം

സിഡ്‌നി: ഓസ്ട്രേലിയയില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറന്‍ സിഡ്നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരിക്കെ ആക്രമണമെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതില്‍ തകര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

ക്ഷേത്ര കവാടത്തില്‍ പതാക സ്ഥാപിച്ച ഖാലിസ്ഥാന്‍ അനുകൂലികള്‍, മോഡിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ ചുമരുകളില്‍ എഴുതുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്.

സംഭവം അറിഞ്ഞയുടന്‍ പാരമറ്റയിലെ പാര്‍ലമെന്റ് അംഗം ആന്‍ഡ്രൂ ചാള്‍ട്ടണ്‍ ക്ഷേത്രത്തിലെത്തി. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനം നിലനിര്‍ത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആക്രമണത്തില്‍ കംബര്‍ലാന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് മുമ്പും ഓസ്ട്രേലിയയില്‍ നിരവധി തവണ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം മെല്‍ബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ബ്രിസ്ബനിലെ രണ്ട് ക്ഷേത്രങ്ങളും ഖാലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തിരുന്നു.

മെയ് 24 ന് ക്വാഡ് ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മോഡി സിഡ്നിലെത്തുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ ആശങ്ക അറിയിച്ചിരുന്നു.

Exit mobile version