കുട്ടികൾ അടിയന്തര ഘട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലുള്ള സന്ദേശങ്ങൾ വാട്ട്സ് ആപ്പ് വഴിയും, ടെക്സ്റ്റ് മെസേജുകൾ വഴിയുമാണ് മാതാപിതാക്കൾക്ക് ലഭിക്കുന്നത്.
മാതാപിതാക്കളെ ലക്ഷ്യമിട്ടാണ് ‘mum & dad’ മെസേജ് തട്ടിപ്പ് സജീവമാകുന്നത്. കുട്ടികൾ അടിയന്തര ഘട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലുള്ള സന്ദേശങ്ങൾ തട്ടിപ്പുകാർ മാതാപിതാക്കൾക്കയക്കും.
അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ ലഭിക്കുക. സന്ദേശങ്ങളിലൂടെ മാത്രമാകും തട്ടിപ്പുകാർ ആശയ വിനിമയം നടത്തുക.
അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി പണം അയക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
ഫോൺ നഷ്ടപ്പെട്ടെന്നോ, കേടുപാട് സംഭവിച്ചെന്നോ പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നത്. താത്കാലിക നമ്പർ ആണ് ഉപയോഗിക്കുന്നതെന്നും, അടിയന്തര ആവശ്യത്തിന് പണം വേണമെന്നും കുട്ടികൾ എന്ന വ്യാജേന തട്ടിപ്പുകാർ ആവശ്യപ്പെടും.
ചില സന്ദർഭങ്ങളിൽ ‘പഴയ ഫോൺ നമ്പർ’ ഡിലീറ്റ് ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ തട്ടിപ്പുകാർ ആവശ്യപ്പെടാറുണ്ടെന്നും സ്കാംവാച്ച് ഓസട്രേലിയ ചൂണ്ടിക്കാട്ടി. വിക്ടോറിയയിൽ മാത്രം ‘mum & dad’ തട്ടിപ്പിന് 25 പേർ ഇരയായെന്നാണ് കണക്ക്.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.
കുട്ടികൾ പ്രതസന്ധിയിലാണെന്ന് കേൾക്കുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന മാനസീക വിഷമത്തെയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നതെന്ന് സൈബർ ക്രൈം സ്ക്വാഡിലെ ഡിറ്റക്ടീവ് സർജന്റ് ജോൺ ചെയ്ൻ ചൂണ്ടിക്കാട്ടി.
അജ്ഞാത നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചാൽ, ആവശ്യപ്പെടുന്നത് ആരാണെന്ന് സ്ഥിരീകരിക്കണമെന്നും ജോൺ ചെയ്ൻ നിർദ്ദേശിച്ചു.
തട്ടിപ്പിന് ഇരയാകുന്നവർ പോലീസിനെ ബന്ധപ്പെടണമെന്നും, ഉടൻ തന്നെ ബാങ്കിനെ വിവരം അറിയിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷൻറെ സമീപകാല റിപ്പോർട്ട് പ്രകാരം, 1.8 ബില്യൺ ഡോളറാണ് സ്‌കാമർമാർ 2021-ൽ ഓസ്‌ട്രേലിയക്കാരിൽ നിന്ന് തട്ടിയെടുത്തത്. 2020ൽ വിവിധ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ടതിൻറ ഇരട്ടിയിലധികമാണ് ഈ തുക.
കടപ്പാട്: SBS മലയാളം