ക്വീൻസ്ലാൻറിലും NSWലും പേമാരിയും ശക്തമായ കാറ്റും തുടരും

ക്വീൻസ്ലാൻറ്, ന്യൂ സൗത്ത് വെയിൽസ് അതിർത്തി മേഖലകളിലും, തീരപ്രദേശങ്ങളിലുമാണ് കനത്ത മഴയും കാറ്റും തുടരുന്നത്. ചൊവ്വാഴ്ചയാരംഭിച്ച മഴയിൽ ഇതുവരെ മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ശമനമില്ലാതെ തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്കവസാനിച്ച ഇരുപത്തിനാലു മണിക്കൂറിൽ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. ക്വീൻസ്ലാൻറിൽ രണ്ടു മരണങ്ങളും, സെൻട്രൽ കോസ്റ്റിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.

നദികളുടെയും, അരുവികളുടെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ ആളുകളെ മാറ്റി പാർപ്പിച്ചു.

ലാ നിനയും, ടാസ്മാനിയൻ കടലിലെ ചൂടുമാണ് കനത്ത മഴക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കനത്ത മഴയും കാറ്റും ശനിയാഴ്‌ച വരെ തുടരുമെന്നും പിന്നീട് ദുർബലമാകുമെന്നുമാണ് കാലാവസ്ഥ കേന്ദ്രത്തിൻറ നിരീക്ഷണം.

മഴയിൽ കുതിർന്ന് ക്വീൻസ്ലാൻറ്

തെക്ക്-കിഴക്കൻ ക്വീൻസ്‌ലാൻറിൽ കനത്ത മഴ തുടരുകയാണ്. ബണ്ടാബർഗ് മുതൽ ബ്രിസ്ബെൻ വരെയുള്ള പ്രദേശത്ത് അതിശക്തമായ മഴ ഇന്നും തുടരും.

വ്യാഴാവ്ച രാത്രി ബ്രിസ്‌ബേൻ മെട്രോ പ്രദേശത്തെ കരിൻഡെയ്‌ലിൽ മാത്രം 105 മില്ലിമീറ്റർ മഴ ലഭിച്ചു. ഇപ്‌സ്‌വിച്ച് പ്രദേശത്ത് 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ജിംപി, സൺഷൈൻ കോസ്റ്റ്, ബ്രിസ്‌ബേൻ സിറ്റി എന്നിവിടങ്ങളിൽ കാലാവസ്ഥ കേന്ദ്രം ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡിൽ വെളളം കയറിയതിനെ തുടർന്ന് ടൂവൂംബ മുതൽ ബ്രിസ്ബേൻ വരെ പലയിടങ്ങളിലും വാഹന ഗതാഗത തടസപ്പെട്ടു. മേഖലയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡിൽ പലയിടങ്ങളിലും വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ടുവൂംബയുടെ തെക്കൻ പ്രദേശങ്ങളിലും ഇപ്സിച്ച്, സിനിക് റിം പ്രദേശങ്ങളിൽ അതിശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിൻറ മുന്നറിയിപ്പിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി സൺഷൈൻ കോസ്റ്റിൻറ ഉൾപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്‌ച പുലർച്ചെ മാത്രം കണ്ടംഗ, കിൽകിവൻ, ടാൻസി-ഗൂമേരി മേഖലകളിൽ 190 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായി ജിംപി റീജിയണൽ കൗൺസിൽ അറിയിച്ചു. ടാൻസി പ്രദേശത്ത് ഒട്ടേറെ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് ഗോൾഡ് കോസ്റ്റ് പ്രദേശത്തെ ബീച്ചുകൾ അടച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കും, വെള്ളക്കെട്ടും നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

റെക്കോർഡ് മഴയിൽ സിഡ്നി

മൂന്ന് പതിറ്റാണ്ടിനിടയിൽ ഏറ്റവും അധികം വേനൽ മഴ ലഭിച്ച് ദിവസങ്ങളിലൂടെയാണ് സിഡ്നി കടന്നു പോകുന്നത്. ഒരു മാസം ലഭിക്കേണ്ട മഴ ഒരു ദിവസം കൊണ്ട് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ന്യൂ സൗത്ത് വെയിൽസിൻറ വടക്കൻ തീരത്ത് പേമാരി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻറ മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ വിവിധ പ്രദേശങ്ങളിൽ 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രി സെൻട്രൽ കോസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. മാഡൻസ് ക്രീക്ക് ക്രോസിംഗിന് സമീപത്തു നിന്ന് കണ്ടെത്തിയ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ നിന്നാണ് 54 കാരന്റെ മൃതദേഹം കണ്ടെത്തിയത്.

കനത്ത മഴക്ക് പിന്നാലെ നദിയിൽ മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് തുടർന്ന് പാരമറ്റ റിവർ ഫെറി സർവീസ് നിറുത്തി വെച്ചിരിക്കുകയാണ്. യാത്രക്കാർ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version