ഓസ്ട്രേലിയൻ ജനതയിൽ പകുതിയും ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തതായി പ്രധാനമന്ത്രി
ഓസ്‌ട്രേലിയയിൽ വാക്‌സിനേഷന് അർഹതയുള്ളവരിൽ അൻപത് ശതമാനം പേർക്കും ഈ ആഴ്ചയോടെ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ വാക്‌സിനേഷൻ നിരക്കിനെക്കുറിച്ച് നിരവധി പരാതികൾ ഉയരുന്നതിനിടെയാണ് വിതരണ പദ്ധതിയിലെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ കൊവിഡ് പ്രതിരോധത്തിൽ ഇത് നിർണ്ണായക നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓരോ മിനിറ്റിലും 200 ഡോസ് വാക്‌സിനേഷൻ എന്ന റെക്കോർഡ് നിരക്കിലേക്ക് വരെ വാക്‌സിൻ വിതരണം പുരോഗമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രായപൂർത്തിയായ അൻപത് ശതമാനത്തോളം പേർ കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. .
കഴിഞ്ഞ ആഴ്ചയിൽ മാത്രം രാജ്യത്ത് 1.6 മില്യൺ ഡോസ് വാക്‌സിനേഷൻ നല്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടാസ്മേനിയയിൽ മൂന്നിൽ ഒരാൾ രണ്ടു ഡോസും വാക്‌സിനേഷൻ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ ആരംഭിച്ച വാക്‌സിൻ വിതരണ പദ്ധതിയിൽ ഇതുവരെ 16.6 മില്യൺ ഡോസുകൾ വിതരണം ചെയ്‌തതായാണ് കണക്കുകൾ.
ഇതിനിടയിലും, മറ്റു പല വികസിത രാജ്യങ്ങളെക്കാളും കുറവാണ് ഓസ്ട്രേലിയയിലെ വാക്സിനേഷൻ നിരക്ക് എന്ന് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്.
അതെ സമയം കൊവിഡ് രൂക്ഷമായിരിക്കുന്ന NSWൽ യുവാക്കളിലും വാക്‌സിനേഷൻ നിരക്ക് കൂട്ടാനുള്ള ശ്രമത്തിലാണ് അധികൃതർ.
ന്യൂ സൗത്ത് വെയിൽസിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏറ്റവും കർശനമാക്കിയിരിക്കുന്ന 12 കൗൺസിലുകളിൽ 16 വയസിനും 39 വയസിനും ഇടയിൽ പ്രായമുള്ളവർക്ക്
ഫൈസർ വാക്‌സിൻ ലഭിക്കാൻ മുൻഗണന നൽകുമെന്ന് NSW പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വ്യക്തമാക്കിയിരുന്നു.
കടപ്പാട്: SBS മലയാളം