വിക്ടോറിയയിലെ ലോക്ക്ഡൗൺ നീട്ടുമെന്ന് സർക്കാർ

വിക്ടോറിയയിൽ 13 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗൺ നീട്ടുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ചൊവ്വാഴ്ച അർദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗൺ നീട്ടുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചത്.

എന്നാൽ എന്ന് വരെ നീട്ടുമെന്ന കാര്യം പ്രീമിയർ വ്യക്തമാക്കിയില്ല. ഇത് സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച അറിയിക്കുമെന്ന് പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് 13 പുതിയ കേസുകളാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. നേരത്തെ സ്ഥിരീകരിച്ച കേസുകളുമായി ബന്ധമുള്ളതാണ് പുതിയ കേസുകളെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചു.

സിഡ്‌നിയിൽ നിന്നുള്ള ഡെൽറ്റ വേരിയന്റ് പടർന്നു തുടങ്ങിയതോടെയാണ് വിക്ടോറിയ വ്യാഴാഴ്ച ലോക്ക്ഡൗണിലേക്ക് പോയത്.

ഇതിന് ശേഷം ദിവസവും കേസുകൾ കൂടി വരികയാണ്. ഇതേത്തുടർന്നാണ് നിശ്ചയിച്ച പ്രകാരം ലോക്ക്ഡൗൺ പിൻവലിക്കാൻ സാധിക്കില്ലെന്ന് പ്രീമിയർ വ്യക്തമാക്കിയത്.

കേസുകൾ കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് ശരിയായ തീരുമാനമല്ലെന്നും ഡെൽറ്റ വേരിയന്റിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും പ്രീമിയർ പറഞ്ഞു.

മാത്രമല്ല, സംസ്ഥാനം ലോക്ക്ഡൗൺ ചെയ്തത് ഉചിതമായ തീരുമാനമായിരുന്നുവെന്നും, ലോക്ക്ഡൗൺ ചെയ്തില്ലായിരുന്നുവെങ്കിൽ സിഡ്‌നിയുടെ അവസ്ഥയിലേക്ക് എത്തിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് രോഗബാധിതർ സന്ദർശിച്ചുവെന്ന് കരുതുന്ന നിരവധി സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ, രോഗബാധ കൂടുന്നതോടെ ക്വീൻസ്ലാൻറ്, വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ വിക്ടോറിയയുമായി അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

Exit mobile version