ഓസ്ട്രേലിയയിലെ വാക്സിനേഷൻ പദ്ധതിയിൽ മാറ്റമില്ലെന്ന് സർക്കാർ

നോർവേയിൽ ഫൈസർ ബയോൺടെക് കൊവിഡ് വാക്സിനെടുടത്തവർ മരിച്ചു എന്ന റിപ്പോർട്ടുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും, എന്നാൽ ഓസ്ട്രേലിയയിലെ വാക്സിനേഷൻ പദ്ധതിയിൽ മാറ്റം വരുത്തില്ലെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.

നോർവേയിൽ ഫൈസർ-ബയോൺടെക് കൊവിഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടായി എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വാക്സിനെടുത്ത 30 ഓളം പേർ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

മറ്റു നിരവധി രോഗങ്ങളുണ്ടായിരുന്ന, പ്രായമേറിയവരാണ് വാക്സിനേഷനു ശേഷം മരിച്ചത്. വാക്സിന്റെ പാർശ്വഫലങ്ങളാണോ മരണകാരണം എന്ന കാര്യം ഇനിയും വ്യക്തമല്ല.

ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് നോർവീജിയൻ സർക്കാർ അറിയിച്ചിരിക്കുന്നത്.

എന്നാൽ ദുർബലരായ വയോജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് നോർവീജിയൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ വാക്സിനേഷൻ പദ്ധതിയെക്കുറിച്ചും പലരും ആശങ്ക ഉയർത്തിയിരുന്നു.

ഓസ്ട്രേലിയയിൽ വിതരണം ചെയ്യാൻ ആലോചിക്കുന്ന വാക്സിനുകളിലൊന്നാണ് ഫൈസർ-ബയോൺടെക്കിന്റേത്. രാജ്യത്ത് ആദ്യഘട്ടത്തിൽ നൽകാൻ ഉദ്ദേശിക്കുന്നതും ഈ വാക്സിനാണ്.

എന്നാൽ ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ വാക്സിനേഷൻ പദ്ധതിയിൽ മാറ്റമൊന്നും വരുത്തില്ലെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്നും, അത് ഉറപ്പാക്കിക്കൊണ്ടേ വാക്സിൻ വിതരണം നടത്തൂ എന്നും അദ്ദേഹം ഉറപ്പു നൽകി.

തെറാപ്യൂട്ടിക് ഗുഡ് അഡ്മിനിസ്ട്രേഷൻ (TGA) ഫൈസർ വാക്സിന് ഇതുവരെയും അനുമതി നൽകിയിട്ടില്ല. ഈ മാസം അവസാനം അനുമതി നൽകാനും, ഫെബ്രുവരി പകുതിയോടെ ഫൈസർ വാക്സിൻ നൽകിത്തുടങ്ങാനുമാണ് പദ്ധതി.

സുരക്ഷ ഉറപ്പാക്കിയിട്ട് മാത്രമേ TGA വാക്സിന് അനുമതി നൽകൂ എന്ന് ഗ്രെഗ് ഹണ്ട് ചൂണ്ടിക്കാട്ടി.

നോർവീജിയൻ സർക്കാരിനോടും, ഫൈസർ കമ്പനിയോടും TGA ഈ റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

പൂർണ ജാഗ്രതയോടെ മാത്രമേ മുന്നോട്ടുപോകൂ എന്നും ആരോഗ്യമന്ത്രി ഉറപ്പു നൽകി.

അമേരിക്കയിൽ ഫൈസർ വാക്സിൻ വിതരണം ചെയ്ത ശേഷം പ്രതീക്ഷയുളവാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

18 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയപ്പോൾ, 21 പേർക്ക് മാത്രമാണ് പാർശ്വഫലങ്ങൾ ഉണ്ടായത്.

ഇതും ഗുരുതരമായ പാർശ്വഫലങ്ങൾ ആയിരുന്നില്ല. വാക്സിൻ നൽകി 15 മിനിട്ടിനുള്ളിലായിരുന്നു 71% പേർക്കും പാർശ്വഫലങ്ങൾ.

വാക്സിനെടുത്തവരിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.

കടപ്പാട്: SBS മലയാളം

Exit mobile version