കുടിയേറ്റ തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ത്തും; തൊഴില്‍ മേഖല ഉദാരമാക്കി ഓസ്‌ട്രേലിയ

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷമാക്കി വര്‍ധിപ്പിക്കാനൊരുങ്ങി അല്‍ബിനീസി സര്‍ക്കാര്‍. കോവിഡ് മഹാമാരയെ തുടര്‍ന്നുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി.

നിലവില്‍ പ്രതിവര്‍ഷം 1,60,000 പേര്‍ക്കാണ് തൊഴിലിനായി ഓസ്‌ട്രേലിയയിലേക്ക് വരാന്‍ അനുവാദമുള്ളത്. നാല്‍പ്പതിനായിരം പേരെക്കൂടി അധികമായി എത്തിക്കാനാണ് ശ്രമം.

കോവിഡിനെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അതിര്‍ത്തികള്‍ അടച്ചതിന് ശേഷം ഓസ്‌ട്രേലിയയില്‍ തൊഴിലാളി ക്ഷാമം 100 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ന്നിരുന്നു.

ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ (എബിഎസ്) മെയ് മാസത്തെ കണക്കനുസരിച്ച് 4,80,100 ജോലി ഒഴിവുകളാണ് നിലവില്‍ ഓസ്‌ട്രേലിയയിലുള്ളത്.

പരമ്പരാഗത വ്യാപാര രംഗം, ഉല്‍പ്പാദന മേഖല, റീട്ടെയില്‍ മേഖല, ആരോഗ്യ മേഖല, ടൂറിസം, ഐടി, സാങ്കേതിക വ്യവസായം, വയോജന പരിചരണം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും തൊഴിലാളികളെ കിട്ടാനില്ല. വര്‍ഷം തോറും നാല്‍പ്പതിനായിരം കുടിയേറ്റ തൊഴിലാളികളെ അധികമായി എത്തിച്ച് ഈ വിടവ് പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

സെപ്തംബറില്‍ നടക്കുന്ന തൊഴില്‍, നൈപുണ്യ ഉച്ചകോടിയില്‍ ചില നയപരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചേക്കും. എമിഗ്രേഷന്‍ ഇന്‍ടേക്ക് പ്രതിവര്‍ഷം 40,000 വര്‍ധിപ്പിച്ച് രണ്ട് ലക്ഷ്മാക്കി ഉയര്‍ത്തുന്നതാകും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

യൂണിയനുകളും തൊഴിലുടമകളും ഇത് സമ്മതിച്ചിട്ടുണ്ട്. വിസ നിബന്ധനകളില്‍ ഇളവും രാജ്യത്ത് എത്തിയ ശേഷം ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത് അടക്കമുള്ള നയപരമായ മാറ്റങ്ങളും ആലോചനയിലുണ്ട്.

തൊഴില്‍ മേഖലയിലെ കുടിയേറ്റ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനം, ആകര്‍ഷകമായ വേതന പരിഷ്‌കാരങ്ങള്‍ എന്നിവയും സര്‍ക്കാരിന്റെ മനസിലുണ്ട്. യൂണിയനുകളുടെ പിന്തുണ ഇതിനാവശ്യമാണ്.

ഇതിന്റെ ഭാഗമായി യൂണിയനുകളില്‍ നിന്ന് കൂടുതല്‍ അഭിപ്രായങ്ങള്‍ തേടാന്‍ ഓസ്ട്രേലിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്ന് യോഗം ചേരും.

സ്ഥിരമായ കുടിയേറ്റത്തിന് മുന്‍ഗണന നല്‍കുന്ന വിസ സംവിധാനത്തെ പിന്തുണയ്ക്കുമെന്നും സ്ഥിരമായ കുടിയേറ്റം വിപുലീകരിക്കുന്നതിന് പിന്തുണ നല്‍കുമെന്നും എസിടിയു പ്രസിഡന്റ് മിഷേല്‍ ഒ നീല്‍ പറഞ്ഞു.

തീരുമാനം ദശാബ്ദത്തിലെ താഴ്ന്ന വേതന വളര്‍ച്ച, ചൂഷണം എന്നിവ ഇല്ലാതാക്കാന്‍ ഉതകുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്രന്റീസ്ഷിപ്പിന്റെ ആദ്യ 12 മാസങ്ങളിലും ഒരു വര്‍ഷത്തെ ട്രെയിനിഷിപ്പുകളുടെ ആദ്യ ആറ് മാസങ്ങളിലും കുറഞ്ഞത് 30 ശതമാനം വേതന സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version