ഓസ്ട്രേലിയയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവ്

വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വരുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച പുലർച്ചെ മുതൽ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് വാക്സിനേഷൻ രേഖകൾ ഹാജരാക്കേണ്ടതില്ല.

ഓസ്ട്രേലിലയിലേക്കുള്ള യാത്രാ വ്യവസ്ഥകളിൽ സുപ്രധാനമായ ഇളവാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടു വർഷമായി നിലനിന്ന കടുത്ത യാത്രാ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും ഇതോടെ അവസാനിക്കുകയാണ്.

ജൂലൈ ആറ് ബുധനാഴ്ച പുലർച്ചെ മുതൽ ഓസ്ട്രേലിയയിലേക്ക് എത്തുന്നവർ വാക്സിനേഷൻ സംബന്ധിച്ച രേഖകൾ കാണിക്കേണ്ടതില്ല എന്നാണ് പ്രഖ്യാപനം.

ഇതോടെ, വാക്സിനെടുക്കാത്തവർക്കും ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയും.

നിലവിലെ നിയമപ്രകാരം ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യണമെങ്കിൽ വാക്സിനേഷൻ രേഖ സമർപ്പിക്കണമായിരുന്നു.

വാക്സിനെടുക്കാത്ത ഓസ്ട്രേലിയൻ പൗരൻമാർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും, വിവിധ വിസകളിൽ വരുന്ന വിദേശ പൗരൻമാർക്ക് വാക്സിനേഷൻ നിർബന്ധമായിരുന്നു.

വാക്സിനെടുത്തിട്ടില്ലെങ്കിൽ പ്രത്യേക ഇളവുകൾ നേടിയാൽ മാത്രമായിരുന്നു പ്രവേശനം.

മേയ് മാസത്തിൽ മാത്രം ആയിരത്തിലേറെ പേരാണ് ഇത്തരത്തിൽ ഇളവുകൾക്ക് അപേക്ഷിച്ചത്. ഇതിൽ 158 പേർക്ക് മാത്രമേ ഇളവ് ലഭിച്ചുള്ളൂ.

എന്നാൽ ബുധനാഴ്ച മുതൽ സന്ദർശക വിസയിൽ ഉള്ളവർക്ക് ഉൾപ്പെടെ വാക്സിനെടുക്കാതെ രാജ്യത്തേക്ക് എത്താൻ കഴിയും.

ആരോഗ്യമേഖലയിൽ നിന്നുള്ള ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്ലർ പറഞ്ഞു.

അതേസമയം, വിമാനത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങൾ യാത്രക്കാർ പാലിക്കണം.

യാത്രക്കാർ വാക്സിനെടുക്കണം എന്ന് വിമാനക്കമ്പനികൾക്ക് വ്യവസ്ഥയുണ്ടെങ്കിൽ, അത് പാലിക്കേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.

ഇതോടൊപ്പം, ഡിജിറ്റൽ പാസഞ്ചർ ഡിക്ലറേഷനും നിർത്തലാക്കിയിട്ടുണ്ട്.

യാത്ര പുറപ്പെടും മുമ്പ് ഡിജിറ്റൽ ഡിക്ലറേഷൻ സമർപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ബുധനാഴ്ച മുതൽ ഇത് വേണ്ടി വരില്ല.

കടപ്പാട്: SBS മലയാളം

Exit mobile version