മെൽബണിൽ ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായ വീട്ടിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേർ ആശുപത്രിയിലാണ്.
മെൽബണിലെ വെറീബിയിൽ 10 വയസും മൂന്ന് വയസും പ്രായമുള്ള ആൺകുട്ടികളെയും, ആറു വയസും ഒരു വയസും പ്രായമുള്ള പെൺകുട്ടികളെയും തീപിടുത്തമുണ്ടായ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെ ഒരു മണിക്കാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
ഇവരുടെ മാതാപിതാക്കളും, എട്ട് വയസുള്ള കുട്ടിയും തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ഗുരുതരമായ പരിക്കുകളോടെയാണ് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടുകയാണ്.
തീപിടിത്തത്തിൽ നിന്നുള്ള പുക അകത്ത് ചെന്നതിനുള്ള ചികിത്സ തേടുകയാണ് സ്ത്രീയെന്നും, എട്ട് വയസുകാരന് ഗുരുതരമായ പരിക്കുകളില്ല എന്നും പോലീസ് സ്ഥിരീകരിച്ചു.
വീട് തീപിടിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പോലീസിന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിറ്റക്ടീവ് സീനിയർ സർജന്റ് ആഷ്‌ലി റയാൻ പറഞ്ഞു.
രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപ് തന്നെ വീട്ടിൽ തീ ആളി പടർന്ന് കഴിഞ്ഞിരുന്നതായി CFA കമ്മാണ്ടർ ഡേവിഡ് ക്ലാൻസി പറഞ്ഞു.
വീടിന് തീപിടിച്ചതെങ്ങനെ എന്നത് സംബന്ധിച്ച് ഇപ്പോൾ വ്യക്തത ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു.
തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന പ്രവർത്തകർക്ക് നാല്പത് മിനിറ്റോളം എടുത്തതായി ഫയർ ബ്രിഗേഡ് ലെഫ്റ്റനന്റ് ഡാമിയൻ മൊല്ലോയ് പറഞ്ഞു.
ആർസൺ എക്സ്പ്ലോസിവ്സ് സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നതെന്നും, ആശുപത്രിയിലും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
കടപ്പാട്: SBS മലയാളം