ഫ്ലൂറൈഡ് അടങ്ങിയ കുടിവെള്ളം കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ പഠനം

വീട്ടിൽ ലഭിക്കുന്ന കുടിവെള്ളത്തിലെ ഫ്ലൂറൈഡ് കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ക്വീൻസ്ലാന്റ് സർവകലാശാല നടത്തിയ പഠനം കണ്ടെത്തി.

ഫ്‌ളൂറൈഡ് അടങ്ങിയ വെള്ളം കുടിക്കുന്ന കുട്ടികളിലും അല്ലാത്തവരിലും വൈകാരികമായ വളർച്ച, പെരുമാറ്റം, ഓർമശക്തി, ആത്മനിയന്ത്രണം എന്നിവ ഒരുപോലെയാണെന്നാണ് ക്വീൻസ്ലാന്റ് സർവകലാശാലയുടെ പഠനത്തിന്റെ കണ്ടെത്തൽ.

അഞ്ചു മുതൽ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തി കുട്ടികളുടെ ദന്ത സംരക്ഷണം സംബന്ധിച്ചുള്ള ദേശീയ പഠനത്തിന്റെ ഭാഗമായാണ് ഫ്ലൂറൈഡ് അടങ്ങിയ വെള്ളം കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചത്.

ഫ്ലൂറൈഡ് അടങ്ങിയ വെള്ളം ലഭിക്കുന്ന പോസ്റ്റ് കോഡുകളിലും, ഫ്ലൂറൈഡ് ഇല്ലാതെ ജലവിതരണം ചെയ്യുന്ന പോസ്റ്റ് കോഡുകളിലുമുള്ള 2682 കുട്ടികളാണ് പഠനത്തിൽ പങ്കാളികളായത്.

ഫ്ലൂറൈഡ് അടങ്ങിയ വെള്ളം കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ചൈനയിൽ നിന്ന് പുറത്ത് വന്ന ഒരു പഠനം ചൂണ്ടികാട്ടിയതിന് പിന്നാലെയാണ് ക്വീൻസ്ലാന്റിൽ നിന്നുള്ള ഈ പഠനം കൂടുതൽ പ്രസക്തമാകുന്നതെന്ന് പ്രൊഫസർ ലോക്ക് ഡോ ചൂണ്ടിക്കാട്ടി.

ജലത്തിലെ ഫ്ലൂറൈഡേഷനെ എതിർക്കുന്ന ഒരു ചെറിയ സംഘടിത സമൂഹത്തെ ചൈനയിൽ നിന്നുള്ള വാദം സ്വാധീനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ ഫ്ലൂറൈഡ് അടങ്ങിയ വെള്ളം പൊതുജനാരോഗ്യത്തിന് സുരക്ഷിതമാണ് എന്നത് ഉറപ്പ് വരുത്തേണ്ടത് മേഖലയിലെ വിദഗ്ദ്ധരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലൂറൈഡ് അടങ്ങിയ കുടിവെള്ളം കുട്ടികൾക്ക് സുരക്ഷിമാണെന്നും, കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ഫ്ലൂറൈഡ് അടങ്ങിയ വെള്ളവും ദന്ത സംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, കുട്ടികളുടെ പൊതുവായ വളർച്ച സംബന്ധിച്ചുള്ള പഠനം ഓസ്‌ട്രേലിയയിൽ ആദ്യമായാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്ലൂറൈഡ് അടങ്ങിയ കുടിവെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് പല പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടുള്ള ഫ്ലൂറൈഡേഷൻ പദ്ധതി വിപുലമാക്കണെമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version