പേമാരി സിഡ്നിയിലേക്ക്; പല ഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പ്

ക്വീൻസ്ലാന്റിലും വടക്കൻ NSWലും നാശം വിതച്ച പേമാരിയും വെള്ളപ്പൊക്കവും സിഡ്നിയിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രളയ സാധ്യത കണക്കിലെടുത്ത് സിഡ്നിയുടെ വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സിഡ്നിയുടെ ചില പ്രദേശങ്ങളിൽ ആറു മണിക്കൂറിൽ 200 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ന്യൂകാസിൽ മുതൽ ബേഗ വരെയുള്ള തീരത്ത് കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഈ മേഖലയിൽ വെള്ളപ്പൊക്കവും, വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കിഴക്കൻ തീരത്തെ ന്യൂനമർദം സിഡ്‌നി, ഇല്ലവാര, തെക്കൻ തീരപ്രദേശം എന്നിവിടങ്ങളിൽ പേമാരിക്കിടയാക്കുമെന്ന് സംസ്ഥാന അടിയന്തര സേവന വിഭാഗം അറിയിച്ചു.

കാലാവസ്ഥ ഇനിയും മോശമാകുമെന്ന് പ്രീമിയർ ഡൊമിനിക് പെരൊറ്റെ മുന്നറിയിപ്പ് നൽകി.

പ്രളയം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താനും ജനങ്ങളോട് പ്രീമിയർ ആവശ്യപ്പെട്ടു.

ഇന്ന് രാത്രിയോടെ സിഡ്‌നി മേഖലയിൽ ശക്തമായ മഴ ആരംഭിക്കും. ആറു മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

നേപ്പിയൻ, ഹോക്‌സ്‌ബറി നദികളിൽ ജലനിരപ്പുയരുന്നത് സിഡ്‌നിയുടെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങൾക്കിടയാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പാരമറ്റ നദിക്കരയിലുള്ളവർക്കും, സിഡ്‌നി നഗരത്തിൻറെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ കുക്ക്‌സ് നദിക്കരയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്.

മണിക്കൂറിൽ 90 കി.മി വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു

ഗോസ്ഫോർഡ്, സിഡ്നി, പെൻറിത്ത്, പാരമറ്റ, വൊളംഗോംഗ്, നൗറ, ബൗറൽ, കാംപൽടൗൺ, ബേറ്റ്മാൻസ് ബേ, ബ്രൈഡ്വുഡ്, ബേഗ, മൗര്യ ഹെഡ്സ് എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകാം എന്നാണ് അറിയിപ്പ്.

പ്രളയം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ NSW സർവീസസ് മന്ത്രി സ്റ്റെഫ് കുക്ക് സിഡ്നി നിവാസികളോട് ആവശ്യപ്പെട്ടു. മരുന്നുകൾ, പ്രധാനപ്പെട്ട രേഖകൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ചാർജറുകൾ എന്നിവയടങ്ങുന്ന കിറ്റ് തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു.

കനത്ത മഴയെ തുടർന്ന് വാരഗംബ ഡാം തുറന്നതായി SES കമ്മീഷണർ കാർലീൻ യോർക്ക് അറിയിച്ചു.

ദിവസങ്ങളായി തുടരുന്ന മഴയിൽ നീരൊഴുക്ക് ശക്തിപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ പല ഡാമുകളും സംഭരണ ​​ശേഷിയോടടുത്തെന്നാണ് റിപ്പോർട്ടുകൾ.

കടപ്പാട്: SBS മലയാളം

Exit mobile version