മെൽബണിൽ അഞ്ച് പുതിയ കൊവിഡ് കേസുകൾ
മെൽബണിൽ പുതുതായി അഞ്ച് കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു. ഏജ്ഡ് കെയർ ജീവനക്കാരനും വൈറസ് സ്ഥിരീകരിച്ചതോടെ മെൽബണിലെ ഒരു ഏജ്ഡ് കെയർ ലോക്ക്ഡൗൺ ചെയ്തു.
വിക്ടോറിയയിൽ ലോക്ക്ഡൗൺ നടപ്പാക്കി മൂന്ന് ദിവസം പിന്നിടുമ്പോൾ, സംസ്ഥാനത്ത് സജ്ജീവമായ കൊവിഡ് കേസുകളുടെ എണ്ണം 49 ആയി.
സംസ്ഥാനത്ത് പുതുതായി അഞ്ച് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ പടിഞ്ഞാറൻ മെൽബണിലെ ഏജ്ഡ് കെയറിൽ ജോലി ചെയ്യുന്നയാളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതേതുടർന്ന് ആർകെയർ മെയ്ഡസ്റ്റോൺ എന്ന ഏജ്ഡ് കെയർ ലോക്ക്ഡൗൺ ചെയ്തു. മെയ് 27 നാണ് ഈ ജീവനക്കാരൻ ഇവിടെ ജോലി ചെയ്തത്.
ജോലി ചെയ്യുമ്പോൾ ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും, മാസ്ക് ധരിച്ചാണ് ജോലി ചെയ്തതെന്നും ഏജ്ഡ് കെയർ അറിയിച്ചു. ഇയാൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതാണ്.
ഈ ഏജ്ഡ് കയറിൽ കഴിയുന്ന നല്ലൊരു ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതാണെന്നും, നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ സജ്ജമാണെന്നും ആർകെയർ മെയ്ഡസ്റ്റോൺ ഏജ്ഡ് കെയർ അറിയിച്ചു.
സംസ്ഥാനത്ത് 45,000 ലേറെ പരിശോധനകൾ നടത്തിയതിൽ നിന്നാണ് അഞ്ച് പുതിയ രോഗബാധ കണ്ടെത്തിയത്.
കടപ്പാട്: SBS മലയാളം