സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അഞ്ച് മലയാളികൾ മത്സര രം​ഗത്ത്


പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ( ന​ഗരസഭ) അഞ്ച് മലയാളികൾ മത്സര രം​ഗത്ത്.

പെർത്തിലെ ​ഗോസ്നൽസ്, അർമഡെയിൽ എന്നീ സിറ്റി കൗൺസിലുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ശക്തമായ മലയാളി സാന്നിധ്യം.

ഗോസ്നൽസ് സിറ്റി കൗൺസിലിലേക്ക് മലയാളി യുവാവായ ആൽവിൻ വടക്കേടത്ത് (25) മത്സര രം​ഗത്തുണ്ട്. മാഡിം​ഗ്ടണിൽ താമസിക്കുന്ന വടക്കേടത്ത് മാത്യു – ലൈസ ദമ്പതികളുടെ മകനാണ്.

അർമഡെയിൽ സിറ്റി കൗൺസിലിലെ റിവർ വാർഡിൽ നിന്നും മത്സരിക്കുന്ന ജിബി ജോയി പുളിക്കലാണ് മത്സര രം​ഗത്തുള്ള മറ്റൊരു മലയാളി.

അർമഡെയിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ജിബി ഓസ്ട്രേലിയയിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയും വഹിക്കുന്നുണ്ട്. പെർത്ത് അർമെഡെയിൽ താമസിക്കുന്ന ജിബി ജോയി എറണാകുളം ജില്ലയിലെ കോതമം​ഗലം പുളിക്കൽ കുടുംബാം​ഗമാണ്.

റാൻഫോർഡ് വാഡിൽ നിന്നും മത്സര രം​ഗത്തുള്ള ടോണി തോമസാണ് മറ്റൊരു മലയാളി. പെർത്തിലെ ഹാരിസ്ഡെയിൽ താമസിക്കുന്ന ടോണി കണ്ണൂർ ജില്ലയിലെ ഉളിക്കൽ അക്കരെ കുടുംബാം​ഗമാണ്. നഴ്സിം​ഗ് മേഖലയിലാണ് ജോലി ചെയ്യുന്നത്.

റാൻഫോർഡ് വാർഡിലെ നിലവിലെ കൗൺസിലറായ ഷാനവാസ് പീറ്ററാണ് മറ്റൊരു മലയാളി സാന്നിധ്യം. ഈ വാർഡിൽ നിന്നും രണ്ട് മലയാളികൾ മത്സര രം​ഗത്തുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ തവണ തിര‍ഞ്ഞെടുക്കപ്പെട്ട ഷാനവാസ് പീറ്ററായിരുന്നു മലയാളികളിൽ നിന്നും പടി‍ഞ്ഞാറൻ ഓസ്ട്രേലിയയിൽ കൗൺസിലറായി ആദ്യം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ഷാനവാസ് പീറ്റർ കണ്ണൂർ കൊട്ടിയൂർ തളകലുങ്കൽ കുടുംബാം​ഗമാണ്.

അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് ലെയ്ക്ക് വാർഡിൽ നിന്നും മത്സര രം​ഗത്തുള്ള രഞ്ജു എബ്രഹാം രാജുവാണ് മറ്റൊരു മലയാളി.

പെർത്ത് പിയറോവാട്ടേഴ്സിൽ താമസിക്കുന്ന രഞ്ജു തിരുവല്ല വള്ളംകുളം ഊരക്കമണ്ണിൽ കുടുംബാം​ഗമാണ്. നഴ്സിം​ഗ് മേഖലയിലാണ് ജോലി. ഷാനാവാസ് പീറ്ററഒഴികെ മറ്റ് നാല് പേരുടെയും ആദ്യ തിരഞ്ഞെടുപ്പാണ്.

ഓസ്ട്രേലിയയിൽ നാലു വർഷകാലയളവിലേക്കാണ് സിറ്റി കൗൺസിൽ അം​ഗങ്ങളെ തിര‍‍ഞ്ഞെടുക്കുന്നത്. ഗോസ്നൽസ് സിറ്റി കൗൺസിലിൽ 12 കൗൺസിർമാരാണുള്ളത്. ഇതിൽ ആറു പേരുടെ കാലാവധി പൂർത്തിയായ സമയത്താണ് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.

14 കൗൺസിലർമാരുള്ള അർമഡെയിലെ ഏഴ് കൗൺസിലർമാരുടെ കാലാവധി പൂർത്തിയായ വേളയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് നാല് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ മത്സര രം​ഗത്തുള്ളത്.

ഓസ്ട്രേലിയയിൽ പൗരത്വമുള്ളവർക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അവകാശമുള്ളത്. ഓസ്ട്രേലിയയിലെ സംസ്ഥാന നിയമസഭകളിലേക്കും പാർലമെന്റിലേക്കും രാഷ്ട്രിയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ്.

Exit mobile version