സിഡ്‌നിയിൽ സിഖ് സ്കൂളിന് പദ്ധതി; നിർമാണത്തിന് സർക്കാർ അനുമതി

ന്യൂ സൗത്ത് വെയിൽസിലുള്ള ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്കും മറ്റ് സമൂഹത്തിൽപ്പെട്ടവർക്കുമായി സിഖ് ഗ്രാമർ സ്കൂൾ തുടങ്ങാൻ ഇവിടുത്തെ സിഖ് സമൂഹം പദ്ധതിയിടുന്നു. സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.

സിഡ്‌നിയിലെ റൗസ് ഹില്ലിലാണ് സിഖ് ഗ്രാമർ സ്കൂൾ തുടങ്ങാൻ ന്യൂ സൗത്ത് വെയിൽസ് സർക്കാർ അനുമതി നൽകിയത്.

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്കൂൾ തുടങ്ങാൻ പദ്ധതിയെങ്കിലും വ്യത്യസ്ത സമൂഹത്തിൽപ്പെട്ടവർക്കും ഇവിടെ പ്രവേശനം നല്കുമെന്ന് പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.


കിൻറ്റർഗാർട്ടൻ മുതൽ 12 ആം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യം നല്കാനുദ്ദേശിക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്ക് താമസിച്ച് പഠിക്കുവാനുള്ള ബോർഡിംഗ് സൗകര്യവും, കായിക വിനോദങ്ങൾക്കുള്ള ഗ്രൗണ്ടുകളും, ഒരു സിഖ് ആരാധനാലയവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ സ്കൂളിന്റെ രൂപരേഖ പ്രകാരം ഒരു ഏർലി ലേർണിംഗ് സെന്ററിനും പദ്ധതിയുണ്ട്.

ഇത് വഴി ഏതാണ്ട് 1,260 വിദ്യാർത്ഥികൾക്ക് പഠിക്കുവാനും 120 ജീവനക്കാർക്ക് ഇവിടെ ജോലി ചെയ്യുവാനും അവസരം ലഭിക്കുമെന്നാണ് സ്കൂളിന്റെ വെബ്സൈറ്റിൽ പറയുന്നത്.

നിർമാണം പൂർത്തിയാകുന്നതോടെ ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന ആദ്യ സ്കൂളായി മാറും ഇത്.

ഒമ്പത് ഏക്കറിൽ പണിയാൻ പദ്ധതിയിടുന്ന സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 200 മില്യൺ ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ.

വടക്ക് പടിഞ്ഞാറൻ സിഡ്‌നിയിലെ ടല്ലവോങ് ട്രെയിൻ സ്റ്റേഷൻ സമീപത്താണ് സ്കൂൾ നിർമിക്കാൻ അനുമതി ലഭിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്ലാന്നിംഗ് ആൻഡ് പബ്ലിക് സ്പേസസ് മന്ത്രി റോബ് സ്റ്റോക്സ് പറഞ്ഞു.

ക്രിസ്ത്യൻ, ജൂയിഷ്, മുസ്ലിം തുടങ്ങിയ വ്യത്യസ്ത മതവിഭാഗങ്ങൾ നടത്തുന്ന സ്കൂളുകൾ ന്യൂ സൗത്ത് വെയിൽസിൽ ഉണ്ട്.

എന്നാൽ സിഖ് വിഭാഗം നടത്തുന്ന ഒരു സ്കൂൾ ആദ്യമായാണെന്നും ഇതിനായി മുൻപോട്ടുവന്ന ഇവിടുത്തെ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version