NSWൽ ആദ്യ ഡോസ് വാക്‌സിനേഷൻ 80% ആയി

ന്യൂ സൗത്ത് വെയിൽസിൽ 16ന് മേൽ പ്രായമുള്ള 80 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.

കഴിഞ്ഞ വർഷം കൊവിഡ് ഭീതിപടർത്തിയ സിഡ്‌നിയിലെ നഴ്‌സിംഗ് ഹോമിൽ വീണ്ടും കൊവിഡ് ജാഗ്രത.

ന്യൂ സൗത്ത് വെയിൽസിൽ പുതുതായി 1,259 പ്രദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 12 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസിൽ 16ന് മേൽ പ്രായമുള്ള 80 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.

ഇതോടെ ഓസ്‌ട്രേലിയയിൽ 80 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യ പ്രദേശമായിരിക്കുകയാണ് ന്യൂ സൗത്ത് വെയിൽസ്.

ഈ നിർണായക നാഴികക്കല്ല് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ന്യൂ സൗത്ത് വെയിൽസ് സമൂഹത്തിന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ നന്ദി പറഞ്ഞു. 

സംസ്ഥാനത്ത് 16 വയസിന് മേൽ പ്രായമുള്ള 47.5 ശതമാനം പേരും രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായും പ്രീമിയർ പറഞ്ഞു.

സിഡ്‌നിയിലെ 12 പ്രാദേശിക കൗണ്സിലുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന വൈകുന്നേരങ്ങളിലെ കർഫ്യു ബുധനാഴ്ച രാത്രി പിൻവലിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.

നഴ്‌സിംഗ് ഹോമിൽ കൊവിഡ് ജാഗ്രത

സിഡ്‌നിയിലുള്ള ന്യൂ മാർച്ച് നഴ്‌സിംഗ് ഹോമിൽ കഴിഞ്ഞ ആഴ്ച മൂന്ന് പ്രാവശ്യം സന്ദർശനം നടത്തിയ  ഡോക്ടർ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ഏജഡ് കെയർ കേന്ദ്രം താത്കാലികമായി ലോക്ക്ഡൗൺ ചെയ്തു. 

ന്യൂ മാർച്ച് ഹൗസിന് പുറമെ സമ്മിറ്റ് കെയർ പെൻറിത്തിലും മൗണ്ടെയ്ൻവ്യൂ ഏജഡ് കെയർ കേന്ദ്രത്തിലും രോഗം പടരാൻ സാധ്യതയുള്ളപ്പോൾ ഡോക്ടർ സന്ദർശനം നടത്തിയതായാണ് റിപ്പോർട്ട്. 

ഇന്നലെ (ചൊവ്വാഴ്ച) ഡോക്ടറുടെ പരിശോധനാ ഫലം പോസിറ്റീവായതിന് പിന്നാലെ ന്യൂ മാർച്ച് നഴ്‌സിംഗ് ഹോമിൽ വസിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഏജഡ് കെയർ കേന്ദ്രത്തിന്റെ ജനറൽ മാനേജർ കൊവിഡ് ജാഗ്രത അറിയിച്ചുകൊണ്ടുള്ള കത്തെഴുതിയതായി അധികൃതർ പറഞ്ഞു.

ഡോക്ടർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് ശേഷം നഴ്‌സിംഗ് ഹോമിൽ കൊവിഡ് പരിശോധന നടത്തിയ 32 പേരുടെ ഫലം നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി.

ഡോക്ടറുമായി അടുത്ത് സമ്പർക്കത്തിൽ വന്ന മൂന്ന് പേരിൽ രണ്ട്‌ പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതായും ഒരാൾ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതായും അധികൃതർ പറഞ്ഞു. മൂന്ന് പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി.

വരുന്ന ആഴ്ചയോടെ ഏജഡ് കെയർ കേന്ദ്രത്തിലെ എല്ലാവരും പരിശോധനക്ക് വിധേയരാകുമെന്നും അധികൃതർ പറഞ്ഞു.

കൊവിഡ് ബാധ പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ഈ നഴ്‌സിംഗ് ഹോമിൽ 19 പേർ മരിച്ചിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button