ഏജ്ഡ് കെയർ ജീവനക്കാർക്ക് സാമ്പത്തിക സഹായം
കൊവിഡിന്റെ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന ഏജ്ഡ് കെയർ രംഗത്തെ ജീവനക്കാർക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഫെബ്രുവരിയിലും മെയിലും 400 ഡോളർ വരെ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്.
കൊറോണവൈറസ് മഹാമാരിമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഏജ്ഡ് കെയർ രംഗത്തിന് ഫെഡറൽ സർക്കാർ 209 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് വ്യക്തമാക്കി.
ഇതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി ദേശീയ പ്രസ് ക്ലബിൽ വച്ച് ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ഏജ്‌ഡ് കെയർ കേന്ദ്രങ്ങളെ കൊറോണവൈറസ് മൂലമുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറ്റുവാൻ ഉദ്ദേശിച്ചാണ് പദ്ധതി.
തുടർന്നും മഹാമാരിയെ നേരിടാൻ ഏജ്ഡ് കെയർ രംഗത്തെ സഹായിക്കുന്നതിനായി 209 മില്യൺ ഡോളർ സാമ്പത്തിക സഹായം ഒരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന ഹോം കെയർ ജീവനക്കാർക്കും റെസിഡൻഷ്യൽ കെയറിൽ പരിചരണം, ഭക്ഷണം, ക്ളീനിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്നവർക്കും ഈ സഹായം ലഭ്യമാകും. എത്ര മണിക്കൂർ ജോലി ചെയ്തു എന്നതിന് ആനുപാതികമായായിരിക്കും (pro-rata) ഈ സഹായം ലഭിക്കുക. ഫെബ്രുവരിയിൽ ആദ്യ ഗഡുവും, മെയിൽ രണ്ടാം ഗഡുവും ലഭിക്കും.
മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ ഏജ്‌ഡ് കെയർ രംഗത്തിന് ഫെഡറൽ സർക്കാർ 393 മില്യൺ ഡോളറിന്റെ സാമ്പത്തിക പിന്തുണ നൽകിയ കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കൂടുതൽ പിന്തുണ ഈ പദ്ധതി വഴി ഒരുക്കുന്നതായി അദ്ദേഹം പറഞ്ഞു.
രോഗം ബാധിച്ചതിനെ തുടർന്നും ഐസൊലേഷൻ ചെയ്യേണ്ട സാഹചര്യവും കാരണം ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. 30 ശതമാനത്തോളം ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ എത്താൻ കഴിയുന്നില്ല എന്നാണ് റിപ്പോർട്ട്.
ജീവനക്കാരുടെ കുറവ് മൂലം ഏജ്ഡ് കെയർ അന്തേവാസികളുടെ കുളിയും ഭക്ഷണവും മുടങ്ങുന്നതായും, മുറിവുകൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല എന്നുമുള്ള റിപ്പോർട്ടുകളുണ്ട്.
കടപ്പാട്: SBS മലയാളം