വേതന വർദ്ധനവ് പണപ്പെരുപ്പത്തിന്റെ പകുതി മാത്രമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയയിലെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട കണക്കുകൾ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ചു. രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിലക്കയറ്റം രൂക്ഷമായെങ്കിലും, ജനങ്ങളുടെ വേതനത്തിൽ അതിനനുസരിച്ചുള്ള വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്.

ഓസ്ട്രേലിയയിലെ സ്വകാര്യ മേഖലയിൽ 0.7 ശതമാനവും, പൊതുമേഖലയിൽ 0.6 ശതമാനവും വേതന നിരക്ക് ഉയർന്നുവെന്നാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻറെ വേജ് പ്രൈസ് ഇൻഡക്സ് (WPI) സൂചിപ്പിക്കുന്നത്.

മാർച്ച് മാസത്തിൽ അവസാനിച്ച പാദത്തിൽ 0.7 ശതമാനമാണ് വേതനത്തിലുണ്ടായ വർദ്ധനവ്. കഴിഞ്ഞ ഒരു വർഷം കൊണ്ടുണ്ടായ ശമ്പള വർദ്ധനവ് 2.4 ശതമാനമാണെന്നും ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻറെ കണക്കുകൾ പറയുന്നു.

ഈ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പണപ്പെരുപ്പ നിരക്ക് 5.1% ആയിരുന്നു. ഇതിന് ആനുപാതികമായി ശമ്പള നിരക്കിൽ വർദ്ധനവുണ്ടായിട്ടെല്ലാന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2020 ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1.4% എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ്, വാർഷിക വേതന വളർച്ച 2.4% എന്ന നിരക്കിലേക്ക് ഉയർന്നത്.

പണപ്പെരുപ്പ നിരക്ക് ശമ്പളത്തെ എങ്ങനെ സ്വാധീനിക്കുമെന്നറിയുന്നതിനാണ് വേജ് പ്രൈസ് ഇൻഡക്സ് (WPI) പ്രധാനമായും ഉപയോഗിക്കുന്നത്.

ഫെഡറൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ശമ്പള നിരക്കുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വന്നത്.

ഇത് വിലക്കയറ്റ ചർച്ചകളെ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാക്കുമെന്നാണ് വിലയിരുത്തൽ.

ഫെഡറൽ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് വിലക്കയറ്റമായതിനാൽ രാഷ്ട്രീയ പാർട്ടികൾ ജാഗ്രതയോടെയാണ് വിഷയത്തിൽ ഇടപെടുന്നത്.

രാജ്യത്തുണ്ടായ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി ശമ്പള നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ലേബർ നേതാവ് ആൻറണി അൽബനീസിയുടെ വാദം.

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഓസ്‌ട്രേലിയക്കാർക്ക് പണപ്പെരുപ്പവും, ജീവിതച്ചെലവിലെ വർദ്ധനവുമുണ്ടാക്കിയ ഭാരം വളരെ കൂടുതലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പളവും വർദ്ധിപ്പിക്കണം എന്നാണ് അൽബനീസിയുടെ ആവശ്യം. മിനിമം വേതനത്തിൽ ജോലി ചെയ്യുന്ന ഒരാൾക്ക് മണിക്കൂറിന് ഒരു ഡോളർ വീതം വർദ്ധനവാകും ഇതിലൂടെ ഉണ്ടാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻപ്, ശമ്പള വർദ്ധനവ് വേജ് ബോർഡിൻറെ പരിധിയിലാണെന്ന് പറഞ്ഞ് അൽബനീസിയുടെ വാദങ്ങളെ തള്ളിയിരുന്ന ലിബറൽ സഖ്യം വിഷയം സജീവ ചർച്ചയായതോടെ ശമ്പള വർദ്ധനവിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version