മിനിമം വേതനം വർദ്ധിപ്പിക്കാൻ സർക്കാർ ശുപാർശ നൽകും

ഓസ്‌ട്രേലിയയിൽ മിനിമം വേതനം വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ സർക്കാർ ഇന്ന് ഫെയർ വർക്സ് ഓംബുഡ്‌സ്മാനോട് ശുപാർശ ചെയ്യും.

പണപ്പെരുപ്പം മൂലം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് മിനിമം വേതനം വർദ്ധിപ്പിക്കണമെന്ന സർക്കാർ ശുപാർശ ഇന്ന് ഫെയർ വർക്സ് ഓംബുഡ്‌സ്മാന് സമർപ്പിക്കുക.

ഈ വിഷയത്തിലുള്ള പുതിയ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ വെളിയാഴ്ച വരെയാണ് ഓംബുഡ്സ്മാൻ സമയം അനുവദിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ അവാർഡ് വേജസ്, മിനിമം വേതനം എന്നിവയിൽ ന്യായമായ വർദ്ധനവാണ് സർക്കാർ ഫെയർ വർക്സ് ഓംബുഡ്സ്മാനോട് ആവശ്യപ്പെടുന്നതെന്ന് ആന്തണി അൽബനീസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മണിക്കൂറിൽ $20.33 എന്നതാണ് ഓസ്‌ട്രേലിയയിൽ നിലവിലുള്ള മിനിമം വേതനം.

മിനിമം വേതനം വർദ്ധിപ്പിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

പണപ്പെരുപ്പത്തിന് അനുസൃതമായി 5.1 ശതമാനം ശമ്പളവർദ്ധനവ് ആവശ്യപ്പെടും എന്ന്  മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആന്തണി അൽബനീസി മറുപടി പറഞ്ഞിരുന്നു.

എന്നാൽ ശമ്പളവർദ്ധനവ് എത്രയായിരിക്കണം എന്നത് ഓംബുഡ്സ്മാനോടുള്ള ശുപാർശയിൽ ഉൾപെടുത്തുകയില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എത്രയായിരിക്കണം ശമ്പളവർദ്ധനവ് എന്നത് ശുപാർശയിൽ വ്യക്തമാക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റൻ രംഗത്തെത്തി.

തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്റ ശുപാർശ സംബന്ധിച്ചുള്ള പ്രതികരണങ്ങൾ അറിയിക്കാൻ മറ്റ് പാർട്ടികൾക്ക് അടുത്ത ബുധനാഴ്ച വരെയാണ് സമയമുള്ളത്.

ഓസ്‌ട്രേലിയയിലെ ട്രേഡ് യൂണിയനുകളുടെ കൗൺസിൽ 5.5 ശതമാനം വർദ്ധനവാണ് ഓംബുഡ്സ്മാനോട് ശുപാർശ ചെയ്യുന്നത്.

ശമ്പളവർദ്ധനവ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഈ മാസം അവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version