ജോബ്‌സീക്കർ ആനുകൂല്യത്തിൽ 50 ഡോളറിന്റ വർദ്ധനവ്
ഓസ്‌ട്രേലിയയിൽ തൊഴിൽ രഹിതർക്ക് ലഭിക്കുന്ന ജോബ് സീക്കർ ആനുകൂല്യത്തിൽ വർദ്ധനവ് വരുത്തിയതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. രണ്ടാഴ്ചയിൽ 50 ഡോളർ എന്ന നിലയിലേക്കാണ് ആനുകൂല്യം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
രാജ്യത്ത് കൊറോണവൈറസ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടമായവർക്ക് ഫെഡറൽ സർക്കാർ ജോബ് സീക്കർ ആനുകൂല്യം അധികമായി നൽകിയിരുന്നു.
ഇത് മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് ജോബ്‌സീക്കർ ആനുകൂല്യത്തിൽ സർക്കാർ വർദ്ധനവ് പ്രഖ്യാപിച്ചത്.
തൊഴിൽരഹിതർക്ക് ലഭിക്കുന്ന ഈ ആനുകൂല്യത്തിൽ ദിവസം 3.57 ഡോളർ വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതുവഴി രണ്ടാഴ്ചയിൽ 50 ഡോളർ അധികമായി ലഭിക്കും.
ഇതോടെ ജോബ്‌സീക്കർ പദ്ധതിയിലുള്ളവർക്ക് മാർച്ചിന് ശേഷം രണ്ടാഴ്ചയിൽ 615.70 ഡോളർ ലഭിക്കും.
1980ന് ശേഷം തൊഴിലില്ലായ്മാ ആനുകൂല്യത്തിൽ ഒറ്റത്തവണ വരുത്തുന്ന ഏറ്റവും വലിയ വർദ്ധനവാണിതെന്ന് മോറിസൺ പറഞ്ഞു.
അതേസമയം ജോബ്സീക്കർ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡത്തിലും സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ആനുകൂല്യം ലഭിക്കുന്നവർ മാർച്ച് അവസാനം മുതൽ മാസം 15 ജോലിക്കെങ്കിലും അപേക്ഷിച്ചിരിക്കണം. മാത്രമല്ല ജൂലൈ ഒന്ന് മുതൽ കൊവിഡിന് മുൻപുള്ള നിലയിലേക്ക് മാസം 20 ജോലിക്കെങ്കിലും അപേക്ഷിക്കണമെന്നും തൊഴിൽ മന്ത്രി മിക്കാലിയ കാഷ് പറഞ്ഞു.
ജോബ് സീക്കർ ആനുകൂല്യം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും, ബിസിനസ് ഗ്രൂപ്പുകളും ദീർഘനാളായി പ്രചരണം നടത്തിവന്നിരുന്നു.
കൊറോണവൈറസിന് മുൻപ് രണ്ടാഴ്ചയിൽ 565.70 ഡോളറാണ് ജോബ്‌സീക്കർ ഇനത്തിൽ നൽകിയിരുന്നത്. അതായത് ദിവസം 40 ഡോളർ. ഇത് ചെറിയ തുകയാണെന്നും 20 വർഷമായി ഇതിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വര്ഷങ്ങളായി പ്രചാരണം നടത്തിയത്.
നിലവിൽ 565.70 ഡോളറിനൊപ്പം 150 ഡോളർ കൂടി കൊറോണവൈറസ് സപ്പ്ളിമെൻറ് ആയി ലഭിക്കുന്നുണ്ട്. ഇതാണ് മാർച്ച് 31 മുതൽ നിർത്തലാക്കുന്നത്.
രാജ്യത്ത് 1.2 മില്യൺ പേർക്കാണ് ജോബ് സീക്കർ ആനുകൂല്യം ലഭിക്കുന്നത്.
കടപ്പാട്: SBS മലയാളം