ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് മെയ് 21ന് നടത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഗവർണ്ണർ ജനറലിനെ കണ്ട ശേഷമാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.
ഞായറാഴ്ച രാവിലെ സിഡ്നിയിൽ നിന്നും കാൻബറയിലെത്തിയ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഗവർണർ ജനറൽ ഡേവിഡ് ഹർലിയെ സന്ദർശിച്ച് പാർലമെൻറ് പിരിച്ചുവിടാനുള്ള ശുപാർശ നൽകിയിരുന്നു. പിന്നീട് പാർലമെൻറ് ഓഫീസിലെത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
ജനപ്രതിനിധി സഭയിലെ 151 ഇലക്‌ട്രേറ്റുകളിലേക്കും സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് മെയ് 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ കക്ഷിനില പ്രകാരം ലിബറൽ സഖ്യത്തിന് 76 സീറ്റുകളും, ലേബർ പാർട്ടിക്ക് 68 സീറ്റുകളും, ഗ്രീൻസ് പാർട്ടിക്ക് ഒരു സീറ്റും, മൂന്ന് സ്വതന്ത്ര എം.പിമാരുമാണ് പാർലമെൻറിലുള്ളത്.
2013 മുതൽ ലിബറൽ സഖ്യമാണ് ഓസ്ട്രേലിയയിൽ ഭരണത്തിൽ തുടരുന്നത്. ഇത്തവണ ലിബറൽ അധികാരത്തിലെത്തിയാൽ 2004 ന് ശേഷം തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടത്തിന് സ്കോട്ട് മോറിസൺ അർഹനാകും.
ഏറെ നാൾ അധികാരത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട ലേബർ പാർട്ടിക്ക് ഇത്തവണത്തെ ഫെഡറൽ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. 2019 ലെ തോൽവിക്ക് പിന്നാലെ ലേബർ തലപ്പത്ത് അവരോധിക്കപ്പെട്ട ആൻറണി അൽബനിസിയുടെ നേതൃത്വത്തിൽ പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്നു.
ഇത്തവണ അധികാരം തിരിച്ചു പിടിച്ചാൽ ഓസ്ട്രേലിയയുടെ 31 മത് പ്രധാന മന്ത്രി സ്ഥാനമാണ് അൽബനിസിയെ കാത്തിരിക്കുന്നത്.
ആറ് ആഴ്ച നീളുന്ന പ്രചാരണം
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആറ് ആഴ്ചകൾ നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾക്കാണ് രാജ്യത്ത് തുടക്കമായത്. നിലവിലെ അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം ലേബറാണ് മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞയാഴ്ച വന്ന അഭിപ്രായവോട്ടെടുപ്പുകളില്‍, രണ്ടു പാര്‍ട്ടികള്‍ മാത്രമുള്ള സാഹചര്യത്തിലെ (ടു പാര്‍ട്ടി പ്രിഫേര്‍ഡ്) ജനപിന്തുണ ഇങ്ങനെയാണ്:
പോള്‍ | ലിബറല്‍ | ലേബര്‍ |
---|---|---|
ഗാലക്‌സി-ന്യൂസ്‌പോള്‍ | 46.0 | 54.0 |
ഇപ്‌സോസ് | 45 | 55 |
റോയ് മോര്‍ഗന്‍ | 43 | 57 |
റിസോള്‍വ് | 45.1 | 54.9 |
എസന്‍ഷ്യല്‍ | 47.4 | 52.6 |
അതേസമയം, 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളെയെല്ലാം അപ്രസക്തമാക്കിയായിരുന്നു സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.
ഭരണ നേട്ടം ഉയർത്തിക്കാട്ടി സ്കോട്ട് മോറിസൺ
തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ കൊവിഡ് കാലത്തെ സർക്കാരിൻറെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മഹാമാരിക്കാലത്ത് ലിബറൽ സഖ്യം സാമ്പത്തിക മേഖലയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തുവെന്ന് സ്കോട്ട് മോറിസൺ അവകാശപ്പെട്ടു.
സമീപ കാലത്ത് മറ്റ് രാജ്യങ്ങൾ അഭിമുഖികരിച്ച പേടിസ്വപ്നങ്ങളൊന്നും ഓസ്ട്രേലിയ നേരിട്ടില്ലെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, തൊഴിലില്ലായ്മയിലുണ്ടായ കുറവ്, ജോബ് കീപ്പർ, സാമ്പത്തിക രംഗത്തെ നടപടികൾ തുടങ്ങിയവയൊക്കെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടി.
കടപ്പാട്: SBS മലയാളം