ഓസ്‌ട്രേലിയയുടെ രാജ്യാന്തര യാത്രാ വിലക്കിനെതിരെയുള്ള ഹർജി തള്ളി

കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓസ്‌ട്രേലിയക്കാർക്ക് ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കിനെതിരെ നൽകിയ ഹർജി ഫെഡറൽ കോടതി തള്ളി.

കൊവിഡ് ബാധ രൂക്ഷമായ 2020 മാർച്ചിലാണ് ഓസ്‌ട്രേലിയക്കാർക്ക് സർക്കാർ യാത്രാ വിലക്കേർപ്പെടുത്തിയത്. ഇതിന് ശേഷം ഒന്നര വർഷമായി ഓസ്‌ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.

നിലവിൽ ഓസ്‌ട്രേലിയക്കാർക്ക് ന്യൂസീലാന്റിലേക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇളവുകൾ തേടണം.

ഫെഡറൽ ആരോഗ്യ മന്ത്രി ഏർപ്പെടുത്തിയ ഈ യാത്രാ വിലക്കിനെതിരെ പൗരന്മാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ലിബർട്ടിവർക്സ് ഹർജി നൽകിയിരുന്നു. ജനങ്ങളുടെ വ്യക്തി സ്വാതന്ത്യം ഹനിക്കുന്ന നിയന്ത്രണമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.


ഇതാണ് ഇപ്പോൾ ഫെഡറൽ കോടതി തള്ളിയത്. ലിബർട്ടിവർക്‌സിലെ ഒരു ജീവനക്കാരന് 2020ൽ വിദേശത്തേക്ക് യാത്ര ചെയ്യാൻ ഇളവ് ലഭിക്കാതിരുന്നതിനെത്തുടർന്നാണ് സർക്കാരിനെതിരെ ഇവർ നിയമനടപടികളുമായി മുൻപോട്ടു പോയത്.

എന്നാൽ ജൈവസുരക്ഷാ ആക്ടിലെ സെക്ഷൻ 477, 488 പ്രകാരം മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ജൈവസുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, അടിയന്തര ഘട്ടങ്ങളിൽ ദേശീയ തലത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനും ആരോഗ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.

ഫെഡറൽ കോടതി ജഡ്ജിമാരായ ജസ്റ്റിസ് അന്ന കട്സ്മാൻ, മൈക്കൽ വിഗ്‌നി, തോമസ് തൗലി എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് ഹർജി തള്ളിയത്. ഫെഡറൽ സർക്കാരിന് നഷ്ടപരിഹാരം നൽകാൻ ലിബേർട്ടിവർക്സിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട വാദം മെയ് മാസത്തിൽ നടന്നിരുന്നു. ഫെഡറൽ സർക്കാരിന്റെ തീരുമാനത്തെ അന്ന് കോടതി ന്യായീകരിച്ചിരുന്നു.

ലിബർട്ടിവർക്‌സിന്റെ കേസിനെ പിന്തുണയ്ക്കുന്നത്, മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഫെഡറൽ സർക്കാരിന് തടസ്സമാകുമെന്ന് കോമൺവെൽത്തിന്റെ അഭിഭാഷകൻ സോളിസിറ്റർ-ജനറൽ സ്റ്റീഫൻ ഡോണഗി QC കോടതിയിൽ വാദിച്ചിരുന്നു.

യാത്രാ വിലക്കിനെ അനുകൂലിച്ചുള്ള വിധി പ്രസ്താവിക്കാനുള്ള കാരണങ്ങൾ അടങ്ങിയ രേഖകൾ കോടതി ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

കടപ്പാട്: SBS മലയാളം

Exit mobile version