വ്യാജ പരസ്യങ്ങൾ: മെറ്റക്കെതിരെ ACCC കേസ് എടുത്തു

തട്ടിപ്പ് പരസ്യങ്ങൾ തടയുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫേസ്ബുക്കിൻറെയും, ഇൻസ്റ്റഗ്രാമിൻറെയും മാതൃകമ്പനിയായ മെറ്റക്കെതിരെ ACCC കേസ് എടുത്തു. പ്രമുഖ ഓസ്ട്രേലിയക്കാരെ ഉൾപ്പെടുത്തിയ വ്യാജ പരസ്യങ്ങൾ അനുവദിച്ചതിലൂടെ മെറ്റ കമ്പനി ഉപഭോക്താക്കളെ വഞ്ചിച്ചതായും ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ആരോപിച്ചു.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രസിദ്ധീകരിച്ചിരുന്ന വ്യാജ ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങളുടെയും, മറ്റ് സാമ്പത്തിക പദ്ധതികളുടെയും പരസ്യങ്ങളിൽ വീഴ്ചയുണ്ടായെന്നാണ് ACCC കണ്ടെത്തിയിരിക്കുന്നത്.

പരസ്യങ്ങളിൽ ചിലത് ഓസ്‌ട്രേലിയൻ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതാണെന്നും ACCC ആരോപിക്കുന്നു.

പ്രമുഖ ഓസ്ട്രേലിയൻ വ്യവസായി ഡിക്ക് സ്മിത്ത്, ടിവി അവതാരകൻ ഡേവിഡ് കോച്ച്, ന്യൂ സൗത്ത് വെയിൽസ് മുൻ പ്രീമിയർ മൈക്ക് ബൈഡ് എന്നിവരുടെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിച്ചതായും കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

വ്യാജ പരസ്യതട്ടിപ്പിലൂടെ ഒരാൾക്ക് മാത്രം 650,000 ഡോളർ നഷ്ടമായതായും ACCC ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഈ പരസ്യങ്ങൾക്ക് മെറ്റ ഉത്തരവാദിയാണെന്ന് ACCC തലവൻ റോഡ് സിംസ് പറഞ്ഞു.

ഫേസ്ബുക്ക് അൽഗോരിതം ഉപയോഗിച്ച് ഉപഭോക്താക്കളെ പരസ്യം നൽകുന്ന കമ്പനിയുടെ വെബ്സൈറ്റിലേക്ക് നയിക്കുകയാണ് മെറ്റ ചെയ്യുന്നത്. ലിങ്കുകളിൽ ഉപഭോക്താക്കൾ ക്ലിക്ക് ചെയ്യുന്നതിലൂടെ ഗണ്യമായ വരുമാനം ഫേസ്ബുക്ക് നേടുന്നുണ്ടെന്നും റോഡ് സിംസ് ചൂണ്ടിക്കാട്ടി.

മെറ്റയുടെ വീഴ്ച ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമത്തിൻറെയും, ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ ആക്‌ടിൻറെയും ലംഘനമാണെന്നും ACCC ആരോപിച്ചു.

മെറ്റ ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമ ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ ദശലക്ഷക്കണക്കിന് ഡോളർ പിഴ നൽകേണ്ടി വന്നേക്കാം.

സാമ്പത്തിക തട്ടിപ്പിനിരയായതായി കരുതുന്നവർ എത്രയും വേഗം ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെടണമെന്നും ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

അതേ സമയം ACCC നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രമുഖ വ്യവസായി ഡിക്ക് സ്മിത്ത് (റിച്ചാഡ് ഹരോൾഡ് സ്മിത്ത്) പ്രതികരിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version