ഓസ്‌ട്രേലിയയിലെ വാക്‌സിന്‍ നയത്തില്‍ മാറ്റം

ഓസ്‌ട്രേലിയയിലെ കൊവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിച്ചു. 30 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ ലഭ്യമാകുന്ന തരത്തിലാണ് മാറ്റം.

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒമൈക്രോണ്‍ കൊവിഡ് വൈറസിന്റെ പുതിയ ഉപവേരിയന്‌റുകള്‍ രാജ്യത്ത് വ്യാപിക്കുകയാണ്.

കേസുകളും മരണവും വലിയ രീതിയില്‍ കൂടാമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. വാക്‌സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം.

ഇതിന്റെ ഭാഗമയാണ് നാലാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (ATAGI) മാറ്റം വരുത്തിയത്.

ഇതുവരെയുള്ള വ്യവസ്ഥകള്‍ പ്രകാരം, 65  വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു നാലാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നത്.

അതോടൊപ്പം പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഡിസെബിലിറ്റി കെയര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ലഭ്യമാകുമായിരുന്നു.

എന്നാല്‍ ഇനി മുതല്‍ 30 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കും.

50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ നാലാം ഡോസ് എടുക്കണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് നിര്‍ബന്ധമായിരിക്കില്ല.

30 മുതല്‍ 49 വരെ വയസുള്ളവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നാലാം ഡോസ് ലഭ്യമാകും.

ജൂലൈ 11 തിങ്കളാഴ്ച മുതലാകും ഇത് ലഭ്യമാകുക.

30 വയസിന് താഴെയുള്ളവര്‍ക്ക് ഈ രണ്ടാം ബൂസ്റ്റര്‍ നല്‍കാന്‍ ഇപ്പോള്‍ തീരുമാനമില്ല.

ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഗുണകരമാകുമോ എന്ന കാര്യം വ്യക്തമല്ലെന്ന് ATAGI ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version